'ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവർ കാണാൻ വന്നതിന്റെ ചേതോവികാരം മനസ്സിലാകും'- ജയശങ്കര്‍ക്കെതിരെ മുഖ്യമന്ത്രി

''പത്തു പതിനെട്ട് മാസം കഴിഞ്ഞാൽ രാജ്യത്താകെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കഴക്കൂട്ടം ഭാഗം ഉൾക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേൾക്കുന്നത്. അതിന്റെ ഭാഗമായുള്ള ഒരു വരവ് കൂടിയാണിത്.''

Update: 2022-07-12 13:03 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവർ കാണാൻ വന്നതിനു പിന്നിലുള്ള ചേതോവികാരം എല്ലാവർക്കും മനസ്സിലാകും. 2024ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം ഉൾക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേൾക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

''വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജയശങ്കർ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്‌ളൈഓവറിന്റെ മുകളിൽനിന്ന് നോക്കുന്ന കാഴ്ച ഇന്ന് മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവർ കാണാൻ വന്നു എന്നു പറയുമ്പോൾ അതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് വേഗംതന്നെ നമ്മുടെ നാട്ടുകാർക്കെല്ലാം മനസ്സിലാകും. അത് ചിലതിന്റെയെല്ലാം തുടക്കം മാത്രമാണെന്നു മാത്രമാണ് ഇപ്പോൾ പറയാനുള്ളത്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ തീർക്കാനുള്ള ഘട്ടത്തിലും അതെല്ലാം മാറ്റിവച്ച് ഫ്‌ളൈഓവർ നോക്കാൻ വേണ്ടി കേരളത്തിൽ വന്നെങ്കിൽ അത് കേവലമായൊരു ഫ്‌ളൈഓവർ നോട്ടത്തിനു മാത്രമല്ല എന്നു നാം തിരിച്ചറിയണം.''-മുഖ്യമന്ത്രി പറഞ്ഞു.

നമ്മളെല്ലാം അതതു ഘട്ടത്തിൽ വരുന്ന കാര്യങ്ങൾക്ക് അനുസരിച്ച് നീങ്ങാറാണല്ലോ... എന്നാൽ, പത്തു പതിനെട്ട് മാസം കഴിഞ്ഞാൽ രാജ്യത്താകെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അപ്പോൾ ഈ പറയുന്ന കഴക്കൂട്ടം ഭാഗം ഉൾക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേൾക്കുന്നത്. അതിന്റെ ഭാഗമായുള്ള ഒരു വരവ് കൂടിയാണിത്. മറ്റു കാര്യങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ജയശങ്കർ തിരുവനന്തപുരത്തെത്തിയത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിന്റെ ആദ്യദിനമായിരുന്നു കഴക്കൂട്ടം ഫ്‌ളൈഓവറിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി എത്തിയത്. ഇതോടൊപ്പം വിദ്യാർത്ഥികളുമായും യുവാക്കളുമായും മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു - തത്സമയം

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു - തത്സമയം

Posted by MediaoneTV on Tuesday, July 12, 2022

കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായാണ് 2.7 കിലോമീറ്റർ ദൂരമുള്ള ഫ്ളൈഓവർ നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ദേശീയപാതയിൽ കഴക്കൂട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്ളൈഓവർ സന്ദർശിച്ച മന്ത്രി ദേശീയപാതാ പ്രോജക്ട് ഡയറക്ടർ പ്രദീപ്കുമാർ, റീജ്യനൽ ഓഫീസർ ബി.എൽ മീണ എന്നിവരോട് നിർമാണപ്രവൃത്തിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Summary: ''All can understand what will be the real intention of a minister who looks after the world affairs coming to see the flyover at Kazhakkoottam'', CM Pinarayi Vijayan on Foreign Minister Dr. S. Jaishankar's visit to Thiruvananthapuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News