കൂടൽമാണിക്യം ക്ഷേത്രത്തിലുണ്ടായത് ജാതിവിവേചനം; ഇനിയുമൊരു തീണ്ടാപ്പാടകലെ ദൂരത്തേക്ക് മനുഷ്യനെ തള്ളിവിടരുത്: കെ.സി വേണുഗോപാൽ

ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനിൽക്കാൻ നമ്മളെ സ്വയം വിട്ടുകൊടുക്കരുതെന്നും വേണു​ഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Update: 2025-03-09 16:37 GMT

കോഴിക്കോട്: ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റിയെന്ന വാർത്ത അങ്ങേയറ്റം നിരാശയിലേക്ക് തള്ളിയിടുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പൂർത്തിയായ ഘട്ടത്തിലും ജാതിചിന്തയും അതിലധിഷ്ഠിതമായ വിവേചന ബോധവും പേറുന്നവർ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനമാണ്. ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യനെ മനുഷ്യനായി കാണാൻ പ്രേരിപ്പിച്ച സാമൂഹ്യഘടനയാണ് നമുക്കുള്ളത്. അത് രൂപപ്പെടുത്തുന്നതിന് പതിറ്റാണ്ടുകളുടെ ചരിത്രവും നമുക്കുണ്ടായിട്ടുണ്ട്.

Advertising
Advertising

ആചാരവാദത്തിൻ്റെ നടത്തിപ്പുകാരിൽ പ്രധാനിയായ ഇണ്ടംതുരുത്തി നമ്പ്യാതിരി സാക്ഷാൽ ഗാന്ധിയെ പോലും മൗനത്തിലേക്ക് തള്ളിവിട്ടത് ജാതീയതയുടെ പ്രമാണവാദത്തിലൂടെയായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ ഈ കാലത്താണ് അരുവിപ്പുറം പ്രതിഷ്ഠയുടെയും ക്ഷേത്ര സത്യാഗ്രഹങ്ങളുടെയും പന്തിഭോജനങ്ങളുടെയും നവോത്ഥാനപാതകൾ നാം തുറന്നത്. ഗുരുവായൂർ ക്ഷേത്രം സമസ്തഹിന്ദുക്കൾക്കും തുറന്നുകൊടുത്തില്ലെങ്കിൽ കേളപ്പനോടൊപ്പം താനും ഉപവാസത്തിനുണ്ടാകുമെന്ന ഗാന്ധിജിയുടെ മുന്നറിയിപ്പ് മുതൽ, ടി.കെ. മാധവനും കെ.പി. കേശവമേനോനും മന്നത്ത് പത്മനാഭനും ഗോവിന്ദപ്പണിക്കറുമൊക്കെ ചേർന്ന് വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള നിരത്തുകൾ എല്ലാ മനുഷ്യർക്കുമായി തുറന്നുകിട്ടുന്നതിന് വേണ്ടി നടത്തിയ പോരാട്ടം വരെ കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളിൽ സൃഷ്‌ടിച്ച ചലനം നവോത്ഥാനത്തിന്റെ തുടക്കം കൂടിയായിരുന്നു. ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനിൽക്കാൻ നമ്മളെ സ്വയം വിട്ടുകൊടുക്കരുതെന്നും വേണു​ഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ"

ഒരുകാലത്ത് കേരളത്തിൽ ആഴത്തിൽ വേരൂന്നി നിലയുറപ്പിച്ചിരുന്ന ജാതീയതയുടെ മുഖമടച്ച് ഒരടി കൊടുത്താണ് ആശാൻ 'ദുരവസ്ഥ' എഴുതി പൂർത്തിയാക്കിയത്. മാറുമറക്കലും പൊതുവഴിയിലെ സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവുമൊക്കെ ജാതീയതയുടെ നെഞ്ചിൽച്ചവിട്ടി നാമത് നേടിയെടുക്കുമ്പോൾ, ആ വഴികളിൽ അയ്യങ്കാളിയുണ്ടായിരുന്നു, ചട്ടമ്പിസ്വാമികളുണ്ടായിരുന്നു, ഗുരുവിന്റെ ഈഴവ ശിവനുണ്ടായിരുന്നുവെന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രം. പക്ഷേ, ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ്‌ സമൂഹത്തിൽ കിടപ്പുണ്ട്‌ എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്നുയർന്നുകേൾക്കുന്നത്.

കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റിയെന്ന വാർത്ത അങ്ങേയറ്റം നിരാശയിലേക്ക് തള്ളിയിടുന്നതാണ്. ബാലു നിയമിതനായത് മുതൽ ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നെന്നും അവരുടെയും വാര്യർ സമാജത്തിന്റെയും എതിർപ്പിനെ തുടർന്നാണ് തീരുമാനം എന്നുമാണ് വാർത്ത.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പൂർത്തിയായ ഘട്ടത്തിലും ജാതിചിന്തയും അതിലധിഷ്ഠിതമായ വിവേചന ബോധവും പേറുന്നവർ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനമാണ്. ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യനെ മനുഷ്യനായി കാണാൻ പ്രേരിപ്പിച്ച സാമൂഹ്യഘടനയാണ് നമുക്കുള്ളത്. അത് രൂപപ്പെടുത്തുന്നതിന് പതിറ്റാണ്ടുകളുടെ ചരിത്രവും നമുക്കുണ്ടായിട്ടുണ്ട്. ആചാരവാദത്തിൻ്റെ നടത്തിപ്പുകാരിൽ പ്രധാനിയായ ഇണ്ടംതുരുത്തി നമ്പ്യാതിരി സാക്ഷാൽ ഗാന്ധിയെ പോലും മൗനത്തിലേക്ക് തള്ളിവിട്ടത് ജാതീയതയുടെ പ്രമാണവാദത്തിലൂടെയായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ ഈ കാലത്താണ് അരുവിപ്പുറം പ്രതിഷ്ഠയുടെയും ക്ഷേത്ര സത്യാഗ്രഹങ്ങളുടെയും പന്തിഭോജനങ്ങളുടെയും നവോത്ഥാനപാതകൾ നാം തുറന്നത്. ഗുരുവായൂർ ക്ഷേത്രം സമസ്തഹിന്ദുക്കൾക്കും തുറന്നുകൊടുത്തില്ലെങ്കിൽ കേളപ്പനോടൊപ്പം താനും ഉപവാസത്തിനുണ്ടാകുമെന്ന ഗാന്ധിജിയുടെ മുന്നറിയിപ്പ് മുതൽ, ടി.കെ. മാധവനും കെ.പി. കേശവമേനോനും മന്നത്ത് പത്മനാഭനും ഗോവിന്ദപ്പണിക്കറുമൊക്കെ ചേർന്ന് വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള നിരത്തുകൾ എല്ലാ മനുഷ്യർക്കുമായി തുറന്നുകിട്ടുന്നതിന് വേണ്ടി നടത്തിയ പോരാട്ടം വരെ കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളിൽ സൃഷ്‌ടിച്ച ചലനം നവോത്ഥാനത്തിന്റെ തുടക്കം കൂടിയായിരുന്നു. ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനിൽക്കാൻ നമ്മളെ സ്വയം വിട്ടുകൊടുക്കാതിരിക്കുക.

ദേവസ്വം ബോർഡിനോടാണ്. ഒരു ദിവസമെങ്കിൽ ഒരു ദിവസമെങ്കിലും നവോത്ഥാന ആശയങ്ങളിലൂടെ ഉഴുതുമറിക്കപ്പെട്ടു എന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തെ നിങ്ങൾ ഒറ്റുകൊടുത്തു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ അർഹതപ്പെട്ട തൊഴിൽ ചെയ്യാനെത്തിയ മനുഷ്യനെ തീണ്ടാപ്പാടകലെ മാറ്റിനിർത്താൻ നിങ്ങളെടുത്ത തീരുമാനം കേരളത്തിന്‌ എത്ര ഭൂഷണമാണന്ന് ആത്മപരിശോധന നടത്തണം. ജാതിവിവേചനത്തിന്റേതല്ല, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും നാടായിരിക്കണം നമ്മുടെ കേരളമെന്ന് ആവർത്തിച്ച് ഉരുവിടേണ്ടതുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News