ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നേരിടാന്‍ കേരള സര്‍ക്കാര്‍; ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായി ചര്‍ച്ച
ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെയാണ് കമ്പനികള്‍ കൂട്ടുന്നത്
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ സര്‍വീസിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്താന്‍ സിയാല്‍ എംഡിയെയും നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ബള്‍ക്ക് പര്‍ച്ചേസ് വഴി കൂടുതല്‍ ടിക്കറ്റ് വാങ്ങി യാത്രാനിരക്ക് കുറക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.
ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെയാണ് കമ്പനികള്‍ കൂട്ടുന്നത്. അമിത നിരക്ക് വര്‍ധന ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ സര്‍വീസിന് അടിയന്തര പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ വിദേശ കമ്പനികളുമായും ചര്‍ച്ച നടത്തും. ഒരു വിമാനത്തിലെ കൂടുതല്‍ ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്ത് ബള്‍ക്ക് പര്‍ച്ചേസിനുള്ള ശ്രമവും തുടരുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് കേന്ദ്രത്തിന്റെ പരിഗണനയിലാണ്. വിമാന സർവീസുകൾക്കു പുറമേ കപ്പൽമാർഗ്ഗമുളള യാത്രാസാധ്യതകളും യോഗം ചര്‍ച്ച ചെയ്തു.