കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക: ഡോ.മനു ബാലിഗർ

നിയമസഭയിൽ ഒരു പുസ്‌തകോത്സവമെന്നത് വളരെ നല്ലൊരു ആശയമാണ്

Update: 2023-11-04 07:54 GMT
Editor : Jaisy Thomas | By : Web Desk
മനു ബാലിഗര്‍
Advertising

കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും കേരളത്തിന്‍റേത് മികച്ച ഭരണമാണെന്നും എഴുത്തുകാരൻ ഡോ. മനു ബാലിഗർ. നിയമസഭയിൽ ഒരു പുസ്‌തകോത്സവമെന്നത് വളരെ നല്ലൊരു ആശയമാണ്. കർണാടകയിലേക്ക് തിരിച്ചുപോയി അവിടുത്തെ സ്‌പീക്കർക്ക് പുസ്തകോത്സവത്തെക്കുറിച്ച് കത്തെഴുതും. നിയമസഭാ പുസ്‌തകോത്സവത്തിന്റെ ഭാഗമായി 'എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം' സെഷനിൽ 'ചെയ്ഞ്ചിങ് റെസ്പോൺസിബിലിറ്റീസ് ഓഫ് റൈറ്റേഴ്‌സ് ഇൻ ഇന്ത്യ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിൽ കബനി സി. ആതിഥേയത്വം വഹിച്ചു. സാഹിത്യം സമൂഹത്തിന്റെ പ്രതിഫലനമാണ്. അതിനാൽ എഴുത്തുകാരന് സ്വാഭാവികമായും സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്.

വംശീയപരമായിട്ടുള്ള പ്രശ്നങ്ങൾ ബഹുസ്വരതയ്‌ക്കെതിരായ ഭീഷണികൾ, നാനാത്വത്തിലെ ഏകത്വം, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവയായിരിക്കണം എഴുത്തുകാർ ഉത്തരവാദിത്തത്തോടെ സമീപിക്കേണ്ട യഥാർത്ഥ പ്രശ്നങ്ങൾ. സാഹിത്യത്തിൽ ഒരുവശത്ത് എഴുത്തുകാരുടെ സ്വാതന്ത്ര്യവും മറുവശത്ത് എഴുത്തുകാർക്ക് മേലുള്ള നിയന്ത്രണവുമുണ്ട്. എന്നാൽ എഴുത്തുകാർ എന്നും ഈ നിയന്ത്രണങ്ങളെ എതിർക്കണം. കന്നടയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്ന പുസ്തകങ്ങൾ കുറവാണെന്നും അതിൽ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി.


'ആരൂഢം വളഞ്ഞ നവ ഇന്ത്യ' പ്രകാശനം ചെയ്തു

രാഷ്ട്രീയ സാമ്പത്തിക രംഗത്തെ വിദഗ്ധൻ പരകാല പ്രഭാകർ രചിച്ച ‘The Crooked Timber of New India’ എന്ന പുസ്തകത്തിന്റെ വിവർത്തനം 'ആരൂഢം വളഞ്ഞ നവ ഇന്ത്യ' നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു. പുസ്തകം എം.സ്വരാജിന് നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം നിർവഹിച്ചു. ഇന്ത്യയുടെ ഇന്നത്തെ സാഹചര്യം വിമർശനാത്മകമായി അവതരിപ്പിക്കുന്ന പുസ്തകമാണ് പരകാല പ്രഭാകറിന്റെ 'ആരൂഢം വളഞ്ഞ നവ ഇന്ത്യ'യെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ തുറന്ന അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തികളും പുസ്തകങ്ങളും സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വർത്തമാന ഇന്ത്യയിൽ നാം ശ്രദ്ധിക്കേണ്ട ശബ്ദമാണ് പരകാല പ്രഭാകറിന്റേതെന്ന് എം.സ്വരാജ് അഭിപ്രായപ്പെട്ടു. വഞ്ചിക്കപ്പെട്ട രാജ്യത്തെ ഒരു പൗരന്‍റെ നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News