'പെൻഷൻ മേടിച്ചിട്ട് ഇഷ്ടം പോലെ തിന്നിട്ട് നേരെ എതിര് വോട്ട് ചെയ്തത് പിറപ്പുപണി'; എം.എം മണി
തോൽവിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും മണി
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ എൽഡിഎഫിന്‍റെ ദയനീയ പരാജയത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എം.എം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നുവെന്ന് അദ്ദേഹം പറഞ്ഞു. തോൽവിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷികമായ വികാരത്തിന്‍റെ പേരിൽ വോട്ട് ചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവര്‍ത്തനം, റോഡ്, പാലം ജനക്ഷേമ പരിപാടി ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ ...ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നല്ല ഭംഗിയായി നമുക്കിട്ട് വച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ശബരിമല വിഷയം ഒന്നുമല്ലന്നേ. ..അതിൽ നമ്മളെന്നാ ചെയ്തത്. രാഹുൽ മാങ്കൂട്ടം വിഷയം ഒന്നും വലിയ വിഷയമായിരുന്നില്ല. ഞങ്ങളൊരിക്കലും ഈ വിധി പ്രതീക്ഷിക്കാത്തതാണ്. സൂക്ഷ്മമായി എല്ലാ അര്‍ഥത്തിലും പരിശോധിക്കും. അത് പരിശോധിക്കാതെ എന്തെങ്കിലും പറയുന്നതിൽ കാര്യമില്ല.
തോൽവി തോൽവി തന്നെ. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് പാര്‍ട്ടി പരിശോധിക്കും. ഇടുക്കി ജില്ലയിലെ കാര്യവും വിശദമായി പരിശോധിക്കും. ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കും. തോറ്റൂന്ന് പറഞ്ഞ് മോങ്ങിക്കൊണ്ടിരിക്കാൻ പറ്റുമോ? ഇതുകൊണ്ടൊന്നും ഞങ്ങൾ പിറകോട്ടു പോകുന്ന പ്രശ്നമില്ല.തോൽവികൾ ഞങ്ങൾ കണ്ടിട്ടുണ്ട്. തോറ്റപ്പോഴും ധൈര്യമായി മുണ്ടുമടക്കിക്കൊണ്ട് നിന്നിട്ടുണ്ട്. ഇതൊന്നും നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. അതൊന്നും വലിയ പ്രശ്നമില്ല. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്നൊക്കെ യുഡിഎഫിന് പറയാം. തലക്ക് വിവരമുള്ളവര്‍ ആരും പറയില്ല. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഇഷ്ടം പോലെ തിന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാൽ അതിന്‍റെ പേര് പിറപ്പുപണിയെന്ന് പറയും''
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. നാല് കോര്‍പറേഷനുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 86 മുനിസിപ്പാലിറ്റികളിൽ 54, 152 ബ്ലോക്ക് പഞ്ചായത്തിൽ 82, 941 ഗ്രാമ പഞ്ചായത്തുകളിൽ 438, 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴും യുഡിഎഫിനൊപ്പമാണ്.