അടി, പിടിവലി, ലഡു, ബോധംകെട്ടു വീഴ്ച; കേരളം തലകുനിച്ച ദിവസം- ദൃശ്യങ്ങള്‍

കേരളം നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണ ദിവസം ഇങ്ങനെ

Update: 2021-07-28 10:53 GMT
Editor : abs | By : Web Desk
Advertising

കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ദിനമാണ് 2015 മാർച്ച് 13. ലോകത്തിനു മുമ്പിൽ കേരളത്തെ നാണം കെടുത്തിയത് വോട്ടർമാർ തെരഞ്ഞെടുത്ത് സഭയിലേക്ക് അയച്ച ജനപ്രതിനിധികളും. അടിയും പിടിയും ലഡു വിതരണവും ബോധം കെട്ടുവീഴ്ചയും അട്ടഹാസവുമെല്ലാം നിറഞ്ഞ ആ ദിനത്തെ ഓർത്ത് കേരളം ഇപ്പോഴും ലജ്ജിക്കുന്നു. സഭയിലെ കമ്പ്യൂട്ടറും സ്പീക്കറുടെ കസേരയും മൈക്കും നശിപ്പിച്ച് അംഗങ്ങൾ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ നിലപാടാണ് ഇന്ന് സുപ്രിംകോടതി എടുത്തിട്ടുള്ളത്.

കേരളം നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണ ദിവസം ഇങ്ങനെ;

ബജറ്റ് ദിനമായിരുന്നു പ്രതിഷേധമെങ്കിലും ആസൂത്രണം നേരത്തെയുണ്ടായിരുന്നു. അത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ സഭയിലും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്‍‌ സഭയ്ക്ക് പുറത്തും പ്രഖ്യാപിച്ചിരുന്നു.

'സാർ, ബാർ കോഴ, ബാർ കോഴ, കോഴ മാണി, കോഴ മാണി. അഴിമതി മന്ത്രിസഭ, അഴിമതി മന്ത്രിസഭ എന്നൊക്കെ കേട്ടു തുടങ്ങിയിട്ട് നാളുകൾ എത്രയായി സാർ.... മാണി നിയമസഭയിലേക്ക് ബജറ്റ് അവതരിപ്പിക്കാൻ വന്നാൽ പ്രശ്‌നമാകും, പ്രശ്‌നമാകും, അതുണ്ടാക്കുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും ഉമ്മൻചാണ്ടിയും മാണിയും ചെന്നിത്തലയും ആയിരിക്കും ഉത്തരവാദികൾ' - എന്നിങ്ങനെയായിരുന്നു വിഎസിന്റെ പ്രഖ്യാപനം.


മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിട്ടില്ല. 'മാണി സാര്‍ കുറ്റക്കാരൻ ആണെന്ന് ഇന്നുവരെ ഒരു ബോധ്യവും ഗവൺമെന്റിനില്ല. അദ്ദേഹം മന്ത്രി സ്ഥാനത്ത് തുടരും. ഒപ്പം ബജറ്റ് അവതരിപ്പിക്കും. നിങ്ങൾ സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മാണിയെ സഭയിലേക്കുള്ള വഴിയിൽ തടയാനായിരുന്നു തീരുമാനം. എന്നാൽ വ്യാഴം രാവിലെ പള്ളിയിലേക്ക് പോയ മാണി പിന്നീട് സഭയ്ക്ക് വെളിയിൽ പോയില്ല. ഭരണപക്ഷത്തിന്റെ മറുതന്ത്രത്തിൽ പകച്ച പ്രതിപക്ഷം തന്ത്രം മാറ്റി. സഭയ്ക്ക് അകത്തേക്ക് കടക്കുന്നത് തടയുക എന്നതായി അടുത്ത തന്ത്രം. സഭയ്ക്കകത്ത് ഇരുപക്ഷവും അന്തിയുറങ്ങി. സഭയ്ക്ക് പുറത്ത് ഇടത് പ്രവർത്തകരുടെ പ്രതിഷേധ ഘോഷം.

Full View

2015 മാർച്ച് 13 വെള്ളി. രാവിലെ സഭ തുടങ്ങുന്നതിന് മുമ്പു തന്നെ നടുത്തളത്തിൽ ഇടംപിടിച്ചു പ്രതിപക്ഷ അംഗങ്ങൾ. പല ദിവസങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾ സഭയിൽ പതിവുള്ളതാണ്. എന്നാൽ ചിലർ സ്പീക്കറുടെ ഡയസിൽ കയറി ഇരിപ്പാരംഭിച്ചു. പതിവില്ലാത്ത ആ നീക്കം കണ്ട് ഭരണപക്ഷം ഞെട്ടി. സഭാധ്യക്ഷ സ്ഥാനത്തു വന്ന എൻ ശക്തനെ പ്രതിരോധിക്കാൻ ശ്രമമുണ്ടായി. തിരിച്ചു പോകുന്ന എൻ ശക്തനെ നോക്കി ജലീൽ കൈ ചൂണ്ടി എന്തെല്ലാമോ പറയുന്നത് കേൾക്കാം. അങ്ങോട്ടേക്ക് പോയ്‌ക്കോ, ഒരൊറ്റൊന്ന് ഇങ്ങോട്ട് കടക്കരുത്, പറ്റില്ല, പറ്റില്ല എന്നൊക്കെ ആരോ പറയുന്നത് കേൾക്കാം. അതിനിടെ സ്പീക്കർ ഡയസിലേക്ക് വന്നെങ്കിലും അധ്യക്ഷ പീഠം കെടി ജലീലും ഇപി ജയരാജനും ചേർന്ന് താഴേക്കിട്ടു. ആകെ ബഹളം.

മാണി വരുന്നു എന്ന സൂചന കിട്ടിയതോടെ കെഎം മാണി ഗോ ബാക്ക് എന്നു വിളിച്ച് പ്രതിപക്ഷം അട്ടഹസിച്ചു. വാച്ച് ആൻഡ് വാർഡിന്‍റെ സുരക്ഷ ഭേദിച്ച് മുമ്പോട്ടു പോകാനുള്ള ശിവൻകുട്ടി അടക്കമുള്ളവരുടെ ശ്രമം. വാച്ച് ആൻഡ് വാർഡിനെ ഉന്തുന്ന തോമസ് ഐസക്. അതിനു പിന്നാലെ ഐസക് വീണു. വീണിടത്ത് എണീറ്റു വന്ന് വീണ്ടും ഉന്തി. കൂടെ ജലീലും എളമരം കരീമും പ്രദീപ് കുമാറും കോടിയേരി ബാലകൃഷ്ണനും വാച്ച് ആൻഡ് വാർഡിനെ ഒരു വിധത്തിൽ സഭയിൽ നിന്ന് പുറത്താക്കി.


ഉന്തും തള്ളിനുമിടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കവചമായി ശിവദാസൻ നായരും എം വിൻസന്റും. മുമ്പിൽ പ്രതിഷേധവുമായി ജമീല പ്രകാശം ഉൾപ്പെടെയുള്ള പ്രതിപക്ഷ വനിതാ എംഎൽഎമാർ. വനിതാ എംഎൽഎമാരെ ഉപയോഗിച്ച് മാണിയെ തടയാം എന്നതായിരുന്നു എൽഡിഎഫിന്റെ പദ്ധതി. എന്നാൽ ബഹളങ്ങൾക്കിടയിൽ പ്രതിപക്ഷത്തെ അമ്പരപ്പിച്ച് ഭരണപക്ഷ ബഞ്ചിന്റെ പിൻഭാഗത്തെ വാതിലിലൂടെ ബജറ്റ് പെട്ടിയുമായി മാണിയെത്തി. ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ്, എൻ വിഷ്ണുനാഥ് തുടങ്ങിയ യുവ എംഎൽഎമാർ ചുറ്റും.


സഭയിലെത്തിയ മാണിക്ക് ചുറ്റും ഭരണപക്ഷ എംഎൽഎമാരുടെ കാവൽ. അതിനപ്പുറം വാച്ച് ആൻഡ് വാർഡിന്‍റെ സുരക്ഷ. ഭരണപക്ഷത്തിന്റെ ആരവങ്ങൾ. അതിനിടെ ശിവൻ കുട്ടി സ്പീക്കറുടെ മേശപ്പുറത്തുണ്ടായിരുന്ന കമ്പ്യൂട്ടർ ഇളക്കി മാറ്റി. വയറൂരി വലിച്ചെറിഞ്ഞു. ബഹളങ്ങൾക്കിടെ മാണിയുടെ ബജറ്റ് അവരണം. സ്പീക്കർ ബജറ്റ് അവതരണത്തിന് അനുമതി നൽകിയത് ആംഗ്യം വഴി. 'ഞാനീ ബജറ്റ് മേശപ്പുറത്ത് വയ്ക്കുന്നു' എന്ന മാണിയുടെ പ്രഖ്യാപനം. ഇന്ന് ഉറക്കമിളച്ച് ഈ ബജറ്റ് പരിരക്ഷിച്ച പ്രതിപക്ഷത്തിന് എന്റെ നന്ദി എന്നും മാണി. കെഎം മാണിക്കഭിവാദ്യങ്ങൾ എന്ന മുദ്രാവാക്യങ്ങൾ ഉയർന്നു. സി മമ്മൂട്ടിയുടെയും പികെ ബഷീറിന്റെയും വക ചുംബനം. പിന്നീട് ഭരണപക്ഷത്തിന്റെ ലഡു വിതരണം. 


ബഹളങ്ങൾക്കിടെ ആരോ തറയിൽ വീണു. ശിവൻകുട്ടിയാണ്. അദ്ദേഹത്തെ മേശയിൽ കിടത്തി വാച്ച് ആൻഡ് വാർഡൻ പരിരക്ഷിച്ചു. ശിവൻകുട്ടിക്ക് പിന്നാലെ കെകെ ലതികയും കെ അജിത്തും മോഹാലസ്യപ്പെട്ട് വീണു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സി ദിവാകരനെയും ആശുപത്രിയിലേക്ക് മാറ്റി.

അന്ന് ആരു ജയിച്ചു, ആര് തോറ്റു എന്നത് ജനാധിപത്യ കേരളത്തിന്റെ വിഷയമേ അല്ല. തോറ്റത് ഈ ജനപ്രതിനിധികളെ തെരഞ്ഞെടുത്തയച്ച ജനമാണ്. ലോകത്തിനു മുമ്പിൽ കേരളം നാണം കെട്ടതിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ സാമാജികരും ഉത്തരവാദികൾ. കേസ് പിൻവലിച്ച് സ്വയം രക്ഷപ്പെടാനുള്ള ശ്രമത്തിനാണ് രാജ്യത്തെ പരമോന്ന നീതി പീഠം ഇന്ന് തടയിട്ടിരിക്കുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News