വിജിലന്‍സ് ടി സെക്ഷനിലെ വിവരങ്ങള്‍ നല്‍കാനാവില്ല; സര്‍ക്കാര്‍ ഉത്തരവിന് മുമ്പും വിജിലന്‍സ് മറുപടി നല്‍കിയില്ല

2025 ഡിസംബറിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് വിജിലൻസ് നൽകിയ ഔദ്യോ​ഗിക മറുപടിയുടെ പകർപ്പ് മീഡിയവണിന്

Update: 2026-10-25 03:53 GMT

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറേറ്റിലെ ടി-1, ടി-2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുറത്തുവരുന്നതിനും മുമ്പേ ടോപ് സീക്രട്ട്. ഉദ്യോഗസ്ഥരുടെ വിദേശ യാത്രയെക്കുറിച്ചുള്ള ചോ​ദ്യത്തിനാണ് രഹസ്യമെന്ന് മറുപടി നൽകിയിരിക്കുന്നത്. 2025 ഡിസംബറിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് വിജിലൻസ് നൽകിയ ഔദ്യോ​ഗിക മറുപടിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇത്തരം ചോദ്യങ്ങൾ പലതവണ ആവർത്തിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ സെക്ഷനുകളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിലയിരുത്തൽ.

Advertising
Advertising

ടി 1, ടി 2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കി കഴിഞ്ഞ ദിവസമാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം പൊതുഭരണ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരമാണ് നടപടി. അതീവ രഹസ്യസ്വഭാവമുള്ള ഫയലുകളും ഇന്റലിജൻസ് വിവരങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളായതിനാലാണ് ഒഴിവാക്കുന്നതെന്നാണ് സർക്കാർ വിശദീകരണം.

വിജിലൻസിലെ ആകെ 32 സെക്ഷനുകളിൽ രണ്ടെണ്ണത്തെ മാത്രമാണ് ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഐഎസ്ആർഒയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഐടി മിഷനുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ എന്നിവ പുറത്തുവന്നാൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിജിലൻസിന്റെ നിലപാട്. നേരത്തെയും ഈ രണ്ട് സെക്ഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയന്ത്രണം നീക്കി ഇവിടങ്ങളിൽനിന്നും വിവരങ്ങൾ ലഭ്യമാക്കാൻ വ്യവസ്ഥ കൊണ്ടുവന്നതായാണ് വിശദീകരണം. ഇപ്പോൾ പഴയ നിയന്ത്രണം പുനഃസ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്.

അതേസമയം, പുതിയ നടപടി വിവരങ്ങൾ പുറത്തുവരുന്നത് തടയാൻ ഇടയാക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. രഹസ്യസ്വഭാവമില്ലാത്ത ഫയലുകൾ പോലും പ്രത്യേക സെക്ഷനുകളിലേക്ക് മാറ്റിയാൽ അവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കാതിരിക്കാനുള്ള സാഹചര്യമുണ്ടാകാമെന്നാണ് ആശങ്ക. രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിഷേധിക്കപ്പെടാനും ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് വിമർശകരുടെ വാദം.

നേരത്തേ, വിവരങ്ങൾ രഹസ്യസ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ചില അപേക്ഷകൾ നിരസിച്ചാലും അപ്പീൽ സംവിധാനത്തിലൂടെ അവ ചോദ്യം ചെയ്യാൻ അവസരമുണ്ടായിരുന്നു. എന്നാൽ പുതിയ വിജ്ഞാപനത്തോടെ ചില വിഭാഗങ്ങളിലെ വിവരങ്ങൾ നിയമപരമായിത്തന്നെ വിവരാവകാശ പരിധിക്ക് പുറത്താകുമെന്നാണ് വിലയിരുത്തൽ.അതേസമയം, എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് കൈമാറാനാകില്ലെന്നും രാജ്യസുരക്ഷയെയും നിർണായക സാങ്കേതിക സംവിധാനങ്ങളെയും ബാധിക്കുന്ന വിവരങ്ങൾക്ക് നിയന്ത്രണം ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കി.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News