മഴ വരുന്നൂ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
ചക്രവാതച്ചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു
തിരുവനന്തപുരം: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കേരളത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 11 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലര്‍ട്ട്. 12ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) തീരങ്ങളില്‍ നാളെ രാവിലെ 08.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.