വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം; ഖലീല്‍ തങ്ങള്‍

ജെൻഡർ ഈക്വാലിറ്റി എന്ന പേരിൽ സമീപകാലത്ത് അരങ്ങേറിയ നാടകങ്ങൾ പരിഷ്‌കൃത സമൂഹത്തോട് യോജിച്ചതല്ല. പുരുഷനും സ്ത്രീക്കും പ്രകൃതി പരമായിത്തന്നെ വ്യത്യാസമുണ്ട്. ആർക്കും മനസ്സിലാക്കാൻ കഴിയുന്ന യാഥാർത്ഥ്യമാണിത്.

Update: 2021-12-27 18:31 GMT

രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. 18 തികഞ്ഞാൽ വിവാഹം കഴിച്ചയക്കണമെന്ന് ആരും നിർബന്ധിക്കാറില്ല. എന്നാൽ താൽപര്യമുള്ളവർക്ക് അതിനുള്ള സാഹചര്യങ്ങൾ നിലനിൽക്കണം. 'ജാഗ്രതയാണ് കരുത്ത്' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറത്ത് സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെൻഡർ ഈക്വാലിറ്റി എന്ന പേരിൽ സമീപകാലത്ത് അരങ്ങേറിയ നാടകങ്ങൾ പരിഷ്‌കൃത സമൂഹത്തോട് യോജിച്ചതല്ല. പുരുഷനും സ്ത്രീക്കും പ്രകൃതി പരമായിത്തന്നെ വ്യത്യാസമുണ്ട്. ആർക്കും മനസ്സിലാക്കാൻ കഴിയുന്ന യാഥാർത്ഥ്യമാണിത്. പുരോഗമനവാദികളെന്ന പേരിൽ മതത്തെ ഉപയോഗിച്ച് ചിലർ നടത്തുന്ന വികല പ്രവർത്തനങ്ങൾ തിരിച്ചറിയണമെന്നും ശഹീദ്, ഹിജ്റ പോലുള്ളവയെ തെറ്റായി വ്യാഖ്യാനിച്ച് സമുദായത്തെ വൈകാരിക മേഖലകളിലേക്ക് തള്ളിവിടുന്നവരുടെ തെറ്റായ പ്രവർത്തനങ്ങളിൽ വഞ്ചിതരാവരുതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കണമെന്നും മരണപ്പെട്ടവരുടെ പരലോക ഗുണത്തിനായി വഖഫ് ചെയ്തവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് വിപരീതമായി ഉപയോഗപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല വിഷയാവാതരണം നടത്തി. ഊരകം അബ്ദുറഹ്‌മാൻ സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി പി.എം മുസ്തഫ കോഡൂർ, ജില്ലാ സെക്രട്ടറി എ.അലിയാർ വേങ്ങര, കൊന്നോല മുഹമ്മദ് ഇബ്റാഹീം, ദുൽഫുഖാർ അലി സഖാഫി, പി.സുബൈർ കോഡൂർ എന്നിവർ പ്രസംഗിച്ചു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News