കണ്ണുകളിലെ ഈ 'അഞ്ച് മാറ്റങ്ങൾ' വെറുമൊരു അലർജിയല്ല; ഡയാലിസിസ് ഘട്ടത്തിലെത്തിയവർക്ക് കണ്ണ് തരുന്ന മുന്നറിയിപ്പാകാം

വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ആദ്യകാല ലക്ഷണങ്ങൾ നമ്മുടെ കണ്ണുകളിലൂടെയും പ്രകടമാകും

Update: 2026-07-06 13:51 GMT

കണ്ണുകളിലെ മാറ്റങ്ങൾ വൃക്കരോ​ഗത്തിന്റെ ലക്ഷണമാകുമോ? വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ നമ്മുക്ക് കണ്ണിലൂടെ മനസ്സിലാക്കാൻ പറ്റുമോ? പറ്റുമെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. വൃക്കരോഗം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുക കടുത്ത ക്ഷീണം, ശരീരത്തിലെ നീര്, അല്ലെങ്കിൽ മൂത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയായിരിക്കും. എന്നാൽ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ആദ്യകാല ലക്ഷണങ്ങൾ നമ്മുടെ കണ്ണുകളിലൂടെയും പ്രകടമാകാം.

കണ്ണുകളിലെ ഈ അഞ്ച് മാറ്റങ്ങൾ അവ​ഗണിക്കരുത്

ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചെടുക്കുന്ന വൃക്കകളും നമ്മുടെ കണ്ണുകളും തമ്മിൽ അടുത്ത ബന്ധമുണ്ട്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ അത് കാഴ്ചയെയും കണ്ണുകളിലെ ഈർപ്പത്തെയും ബാധിക്കും. കണ്ണുകൾ തുടർച്ചയായി വീർത്തിരിക്കുക, നിറങ്ങൾ കാണുന്നതിലുള്ള മാറ്റങ്ങൾ എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ അത് വൃക്ക രോ​ഗത്തിന്റ സൂചനയായേക്കാം. ഇത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ആദ്യ ഘട്ടത്തിൽ വളരെ നിസ്സാരമെന്ന് തോന്നുമെങ്കിലും പിന്നീട് ഗുരുതരമായേക്കാവുന്ന, കണ്ണുകളിൽ കാണുന്ന അഞ്ച് പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Advertising
Advertising

1. നിരന്തരമായുണ്ടാകുന്ന കണ്ണിലെ വീക്കം: ഉറക്കമില്ലായ്മ കൊണ്ടോ ഉപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് കൊണ്ടോ ഒക്കെ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകളിൽ ചെറിയ വീക്കം കാണുന്നത് സാധാരണമാണ്. എന്നാൽ ദിവസം മുഴുവൻ മാറാതെ നിൽക്കുന്ന കണ്ണിലെ വീക്കം വൃക്ക രോ​ഗത്തിന്റെ ലക്ഷണമാകാം. ഇത് പ്രോട്ടീനൂറിയ എന്ന അവസ്ഥയുടെ ലക്ഷണമാണ്. അതായത് വൃക്കയ്ക്ക് തകരാറുള്ളത് കാരണം മൂത്രത്തിലൂടെ അമിത അളവിൽ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥ.

2. മങ്ങിയ കാഴ്ച: കാഴ്ച മങ്ങൽ, ഒരു വസ്തു രണ്ടായി കാണുക തുടങ്ങിയവ കണ്ണിനുണ്ടാകുന്ന ചെറിയ രക്തക്കുഴലുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ കാരണമാകാം. ഉയർന്ന രക്ത സമ്മർദ്ദവും പ്രമേഹവും വൃക്ക രോ​ഗത്തിന്റെ പ്രധാന കാരണങ്ങളാണ്.

3. കണ്ണ് വരണ്ടുപോകലും ചൊറിച്ചിലും: ഇങ്ങനെ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡയാലിസിസിന്റെ ഘട്ടത്തിലെത്തിയതിന്റെ ലക്ഷണമാകാം. അതിനാൽ ഒരിക്കലും ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്. കാത്സ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ധാതുക്കളുടെ സന്തുലിതാവസ്ഥ തെറ്റുന്നതും, രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതുമാണ് കണ്ണ് വരണ്ടുപോകുന്നതിനും ചൊറിച്ചിലിനും കാരണം.

4. കണ്ണ് ചുവന്നിരിക്കൽ: മിക്കപ്പോഴും കണ്ണ് ചുവക്കുമ്പോൾ നമ്മൾ അലർജി കാരണമാണെന്ന് കരുതാറുണ്ട്. എന്നാൽ ഉയർന്ന പ്രമേഹവും രക്തസമ്മർദ്ദവും കണ്ണ് ചുവക്കാൻ കാരണമായേക്കാം. വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ രോഗങ്ങളും കണ്ണുകളിൽ വീക്കവും ചുവപ്പും ഉണ്ടാക്കും.

5. നിറങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്: നിറങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവുമ്പോൾ പലരും കരുതാറുള്ളത് പ്രായത്തിന്റേതാവാമെന്നാണ്. എന്നാൽ വൃക്കയുടെ പ്രവർത്തനം മന്ദ​ഗതിയിലാവുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് നിറങ്ങൾ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്. നിങ്ങളുടെ വൃക്കയ്ക്ക് പ്രശ്നമുണ്ടെങ്കിൽ പ്രത്യേകിച്ച് നീല, മഞ്ഞ നിറങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം.

ഓർക്കുക, ന്മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് നിങ്ങളുടെ വൃക്കയ്ക്ക് തകരാറുണ്ടെന്ന് അർഥമില്ല. എന്നാൽ കണ്ണിലെ വിട്ടുമാറാത്ത ഇത്തരം പ്രശ്നങ്ങൾ ഒരിക്കലും അവ​ഗണിക്കരുത്. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News