''സ്ത്രീകൾക്ക് നേരെയുള്ള സൈബറാക്രമണം അംഗീകരിക്കാനാവില്ല, കോൺഗ്രസ് സ്വീകരിച്ച കൃത്യതയാർന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നു''; കെ.കെ രമ
സ്ത്രീപീഡന വിഷയങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം നിലപാട് സ്വീകരിക്കാറുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും കെ.കെ രമ ഫേസ്ബുക്കില്‍ കുറിച്ചു
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി കെ.കെ രമ എംഎല്‍എ.മുൻപ് പല സന്ദർഭങ്ങളിലും വ്യക്തമാക്കിയത് പോലെ ഇപ്പോൾ വിവാദമായ ഈ വിഷയത്തിലും അതിജീവിതകൾക്കൊപ്പം തന്നെയാണെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു.
'എത്ര വലിയ നേതാവായാലും ആരോപിക്കപ്പെട്ട പോലെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ സംരക്ഷിക്കുകയില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഖണ്ഡിതമായി പ്രസ്താവിക്കുകയും രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തിരിക്കുന്നു. ഒരു വിഷയം ഉയർന്നു വന്നപ്പോൾ വളരെ പെട്ടന്ന് തന്നെ കോൺഗ്രസ് സ്വീകരിച്ച കൃത്യതയാർന്ന ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നു.എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീപീഡന വിഷയങ്ങളിൽ ഇത്തരം നിലപാട് സ്വീകരിക്കാറുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും.' രമ പറഞ്ഞു.
'എത്രമേൽ ഒറ്റപ്പെടുത്തപ്പെട്ടാലും, എന്തെല്ലാം സഹിക്കേണ്ടി വന്നാലും നിയമപോരാട്ടങ്ങൾക്ക് സന്നദ്ധരായി മുന്നോട്ടു വരണമെന്നാണ് ദുരനുഭവങ്ങൾ നേരിടുന്ന സ്ത്രീകളോട് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെ വരുന്നവർക്കിടയിലെ ഐക്യം വളർത്തിയെടുക്കുക എന്നത് ജനാധിപത്യവാദികളുടെയാകെ ഉത്തരവാദിത്തമാണെന്ന്' പറഞ്ഞുകൊണ്ടാണ് കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മുൻപ് പല സന്ദർഭങ്ങളിലും വ്യക്തമാക്കിയത് പോലെ ഇപ്പോൾ വിവാദമായ ഈ വിഷയത്തിലും അതിജീവിതകൾക്കൊപ്പം തന്നെയാണ്. മാധ്യമങ്ങളിൽ കാര്യങ്ങൾ പറഞ്ഞ സ്ത്രീകൾക്ക് നേരെയുള്ള സൈബറാക്രമണവും അംഗീകരിക്കാനാവില്ല. ഇന്നലെ മുതൽ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന സ്ത്രീ പീഡനവാർത്തകളിൽ രാഹുൽമാങ്കൂട്ടത്തിലിൻ്റെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും അതിലേക്ക് നീളുന്ന സൂചനകൾ നൽകിയിരുന്നു.
എത്ര വലിയ നേതാവായാലും ആരോപിക്കപ്പെട്ട പോലെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ സംരക്ഷിക്കുകയില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഖണ്ഡിതമായി പ്രസ്താവിക്കുകയും രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തിരിക്കുന്നു.
ഒരു വിഷയം ഉയർന്നു വന്നപ്പോൾ വളരെ പെട്ടന്ന് തന്നെ കോൺഗ്രസ് സ്വീകരിച്ച കൃത്യതയാർന്ന ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീപീഡന വിഷയങ്ങളിൽ ഇത്തരം നിലപാട് സ്വീകരിക്കാറുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും.
സ്ത്രീ പീഡനങ്ങൾക്ക് ഇരകളാക്കപ്പെടുന്നവർക്ക് നിർഭയമായി നിയമ പോരാട്ടം നടത്താനുള്ള സാഹചര്യമുണ്ടാവേണ്ടതുണ്ട്. അതിന് പര്യാപ്തമായ സാമൂഹ്യാന്തരീക്ഷം ഇനിയും ഇവിടെ ഉണ്ടായിട്ടില്ല. തങ്ങൾ നേരിട്ട ദുരനുഭവങ്ങളുമായി കോടതിമുറികളിലെത്തിയ അതിജീവിതമാർ പിന്നെയും സാമൂഹ്യ വിചാരണകൾക്ക് വിധേയരാവുകയും അവരെ പിന്തുണച്ചവർ അപഹസിക്കപ്പെടുകയും ചെയ്യുകയാണ്.
പോലീസ് നേരിട്ട് ആത്മഹത്യ എന്ന് ചിത്രീകരിച്ച വളയാർ പെൺകുട്ടികളുടെ കൊലയിൽ അതിൻ്റെ ഉത്തരവാദിത്തം മുഴുവൻ ആ അമ്മയുടെ തലയിൽ കെട്ടിവെച്ച് സ്റ്റേറ്റിനെയും പോലീസിനെയും ന്യായീകരിക്കാനും സംരക്ഷിക്കാനും ആയിരക്കണക്കിന് സൈബർ ഹാൻഡിലുകൾ പണിയെടുത്ത നാടാണ് ഇത്. ആ കേസിൽ നീതി തേടി ഒപ്പം നിന്ന ഞങ്ങളെല്ലാം ഇപ്പോഴും അപഹസിക്കപ്പെടുന്നു.
സിനിമാരംഗത്ത് അതിജീവിതയായ അഭിനേത്രിയുടെയും അവർക്കൊപ്പം നിന്ന കലാകാരികളുടെയും അവസ്ഥ മറിച്ചല്ല.
എത്രമേൽ ഒറ്റപ്പെടുത്തപ്പെട്ടാലും, എന്തെല്ലാം സഹിക്കേണ്ടി വന്നാലും നിയമപോരാട്ടങ്ങൾക്ക് സന്നദ്ധരായി മുന്നോട്ടു വരണമെന്നാണ് ദുരനുഭവങ്ങൾ നേരിടുന്ന സ്ത്രീകളോട് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെ വരുന്നവർക്കിടയിലെ ഐക്യം വളർത്തിയെടുക്കുക എന്നത് ജനാധിപത്യവാദികളുടെയാകെ ഉത്തരവാദിത്തമാണ്.