അ‌ക്ഷരങ്ങളുടെ ആഘോഷത്തിന് ഇന്ന് സമാപനം

വൈകിട്ട് നിയമസഭ ശങ്കരനാരായണൻ ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ കെ.എൽ.ഐ.ബി.എഫ്. രണ്ടാം പതിപ്പിന് കൊടിയിറങ്ങും

Update: 2023-11-08 06:54 GMT

കെ.എൽ.ഐ.ബി.എഫ്

തിരുവനന്തപുരം: കേരളപ്പിറവി ദിനം മുതൽ അ‌നന്തപുരിയെ വായനയുടെ പുതുലോകത്തെത്തിച്ച അ‌ക്ഷരങ്ങളുടെ ആഘോഷത്തിന് ഇന്ന് സമാപനം. വൈകിട്ട് നിയമസഭ ശങ്കരനാരായണൻ ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ കെ.എൽ.ഐ.ബി.എഫ്. രണ്ടാം പതിപ്പിന് കൊടിയിറങ്ങും. ഇനി മൂന്നാം പതിപ്പിനായുള്ള കാത്തിരിപ്പ്. ആദ്യദിനങ്ങളിൽ എന്നപോലെ അ‌വസാന ദിനമായ ഇന്നും പുസ്തക പ്രേമികളുടെ തിരക്ക് പ്രതീക്ഷിക്കപ്പെടുന്നു.

എഴുത്തിന്റെ പൈതൃകവും പെരുമയും വിളിച്ചോതിയ പുസ്തകോത്സവത്തിൽ ഏറെ ശ്രദ്ധേയമായത് സ്കൂൾ കുട്ടികളുടെ സാന്നിധ്യമായിരുന്നു. ആകെ എത്തിയ സന്ദർശകരിൽ പകുതിയോളം സ്കൂൾ കുട്ടികളായിരുന്നുവെന്നത് വായന മരിക്കുന്നില്ലെന്ന പ്രതീക്ഷയ്ക്ക് കൂടുതൽ കരുത്തുപകരുന്നു. സാഹിത്യ, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം പുസ്തകോത്സവത്തിന്റെ ഔന്നത്യം ഉയരുവാനും കാരണമായി. എഴുത്തുകാർക്കും വായനക്കാരും സംവദിക്കാനുള്ള ഒരു വേദികൂടിയായിരുന്നു പുസ്തകോത്സവം.

Advertising
Advertising

എല്ലാ തലമുറയിലുമുള്ള വായനക്കാർ പ്രിയപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാനും എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനുമായി ഇവിടെ എത്തിയിരുന്നു. സാഹിത്യരംഗത്തേക്ക് ചുവടുവയ്ക്കുന്ന യുവ പ്രതിഭകൾക്കും പുസ്തകോത്സവം പ്രചോദനമായി. പുസ്തക പ്രകാശനങ്ങളുടെ പ്രധാനവേദിയായും ഈ ഉത്സവകേന്ദ്രം മാറി. ഇന്ന് മേള അവസാനിക്കുമ്പോൾ പ്രമുഖരുടേയും പുതുമുഖങ്ങളുടേയുമായി ഇവിടെ പ്രകാശിതമായ പുസ്തകങ്ങളുടെ എണ്ണം 240 ആകും. ഇതോടൊപ്പം 30 പുസ്തക ചർച്ചകളും സംഘടിപ്പിക്കപ്പെട്ടു.

എഴുത്തിന്റെ വഴിയേ കടന്നുവരുന്നതിന് പുതുതലമുറയ്ക്ക് പ്രചോദനവും ധൈര്യവും പകർന്ന് നൽകുന്നതായി ഈ പുസ്തക ചർച്ചകൾ. പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥപറയാം, എന്നെ സ്വാധീനിച്ച വായനശാല തുടങ്ങി എല്ലാവർക്കും പങ്കെടുക്കാനുള്ള രീതിയിൽ ഓൺലൈൻ മത്സരങ്ങൾ നടത്തുകയും അവർക്കുള്ള സമ്മാന വിതരണവും പുസ്തകോത്സവത്തിൽ നടന്നു. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പുസ്തക പ്രകാശനങ്ങൾ, കവിയരങ്ങുകൾ, പുസ്തക ചർച്ചകൾ, മന്ത്രിമാരും സാഹിത്യ സാമൂഹിക സാംസ്കാരിക നായകന്മാരുമുൾപ്പെടെ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള 'മീറ്റ് ദി ഓതർ', 'എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം' തുടങ്ങിയ പരിപാടികൾകൊണ്ട് സമ്പന്നമായിരുന്നു പുസ്തകോത്സവത്തിലെ വിവിധ വേദികൾ. വൈവിധ്യമാർന്ന ഭക്ഷണ രുചികളും കലാ-സാംസ്‌കാരിക പരിപാടികളും പുസ്തകോത്സവത്തെ ജനപ്രിയമാക്കി.

നോബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ സാന്നിധ്യം ആദ്യ ദിനത്തിൽ തന്നെ പുസ്തകോത്സവത്തെ സമ്പന്നമാക്കി. പരകാല പ്രഭാകർ, സച്ചിദാനന്ദൻ, പ്രൊഫ. വി. മധുസൂദനൻ നായർ, ആഷാ മോനോൻ, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ‍, മീന കന്ദസ്വാമി, കെ.ആർ. മീര, പെരുമാൾ മുരുകൻ, ഡോ. മനു ബാലിഗാർ, അനിത നായർ, സുനിൽ പി. ഇളയിടം, സി.എസ്.ചന്ദ്രിക, ഇന്ദുമേനോൻ‍, സന്തോഷ് ഏച്ചിക്കാനം, ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. ഖദീജാ മുംതാസ്, ഇ.സന്തോഷ് കുമാർ, ജി.ആർ. ഇന്ദുഗോപൻ‍, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണൻ‍, കെ.പി. രാമനുണ്ണി, സുഭാഷ് ചന്ദ്രൻ‍, വൈശാഖൻ‍ തമ്പി, പ്രഭാവർമ്മ, ടി.ഡി. രാമകൃഷ്ണൻ‍, വി.ജെ. ജെയിംസ് തുടങ്ങിയ സാഹിത്യ രംഗത്തെ പ്രമുഖർ തങ്ങളുടെ സാഹിത്യ ജീവിതത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചു.

164 പ്രസാധകരിൽ നിന്നായി 256 സ്റ്റാളുകളാണ് പുസ്തകോത്സവത്തിൽ പങ്കെടുത്തത്. 22 അ‌ന്താരാഷ്ട്ര പ്രസാധകരും പുസ്തകോത്സവത്തിന്റെ ഭാഗമായിരുന്നു. നവംബർ ഒന്നിന് സ്പീക്കർ എ.എൻ ഷംസീറാണ് സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ 'നിയമസഭാ അവാർഡ്' പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ, കേരള ജ്യോതി പുരസ്കാര ജേതാവുമായ പത്മഭൂഷൺ എം.ടി വാസുദേവൻ നായർക്ക് ഉദ്ഘാടന ചടങ്ങിൽ സമ്മാനിച്ചു. പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൈദ്യുതാലങ്കാരവും തലസ്ഥാന നഗരിയുടെ മനം കവരുന്നതായിരുന്നു. തൃശൂർപൂരം പ്രമേയമാക്കി ഒരുക്കിയ ഇല്യുമിനേഷൻ കാണാൻ അർധരാത്രിവരെ ജനസാഗരമാണ് നിയമസഭാ അങ്കണത്തിലേക്ക് ഒഴുകിയെത്തുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News