മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണം: ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി

സി.ബി.ഐക്ക് നോട്ടീസയക്കാനും കോടതി നിർദേശം

Update: 2022-08-26 07:36 GMT
Editor : Lissy P | By : Web Desk

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ സഹോദരൻ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ വിശദീകരണം തേടിയത്. സി ബി ഐക്ക് നോട്ടീസയക്കാനും കോടതി നിർദേശിച്ചു. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഹോദരൻ ഹരജി നൽകിയത്. ഹരജി ഓണാവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

കേസിലെ രണ്ടാം പ്രതി വഫ ഫിറോസുമായി ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുളള തെളിവുകൾ ബഷീറിന്റെ പക്കലുണ്ടായിരുന്നെന്നും അപകട ദിവസം കെ.എം. ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണെന്നുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍  ഹരജിയിലുണ്ട്.

Advertising
Advertising

'കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും ബഷീർ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇത് മനസ്സിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബൈൽ കൈവശപ്പെടുത്താൻ ശ്രമിച്ചെങ്കിലും ബഷീർ സമ്മതിച്ചില്ല. ഇതിന്റെ വിരോധം ശ്രീറാമിനുണ്ടായിരുന്നു'- ഹരജിയിൽ ആരോപിക്കുന്നു.

ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹരജിയിലുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും സഹോദരന്‍ നല്‍കിയ ഹരജിയിലുണ്ട്.

2019 ആഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നരയ്ക്ക് മദ്യലഹരിയിൽ ശ്രീറാമോടിച്ച കാറിടിച്ചാണ് കെ.എം.ബഷീർ കൊല്ലപ്പെട്ടത്. കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നായിരുന്നു കുറ്റപത്രം. ബഷീർ മരിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും കേസിൽ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. പല വാദങ്ങൾ ഉന്നയിച്ച് കോടതി നടപടികൾ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഹരജിയിൽ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News