മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി സമൻസ്; കൂടുതൽ കാര്യങ്ങൾ ആർക്കും അറിയില്ല, പിന്നിലെ ഉദ്ദേശം വ്യക്തം: കെ.എൻ ബാലഗോപാൽ
'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈന്തപ്പഴം, സ്വർണക്കടത്ത് അങ്ങനെ എന്തെല്ലാം കാര്യങ്ങളെത്തി. എന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ല'
Photo|MediaOne News
കൊല്ലം: മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസ് ഇപ്പോൾ വാർത്തയായി വരുന്നതിന് പിന്നിലെന്താണെന്ന് സംശയിക്കാവുന്നതേ ഉള്ളൂവെന്ന് കെ.എൻ ബാലഗോപാൽ. കൂടുതൽ കാര്യങ്ങൾ ഒന്നും ആർക്കും അറിയില്ല. സമൻസ് കൊടുത്തെങ്കിൽ എന്തുകൊണ്ട് തുടരന്വേഷണം നടത്തിയില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം എന്തുകൊണ്ട് ഇതൊക്കെ പുറത്തുവരുന്നു എന്നും ബാലഗോപാൽ ചോദിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈന്തപ്പഴം, സ്വർണക്കടത്ത് അങ്ങനെ എന്തെല്ലാം കാര്യങ്ങളെത്തി. എന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ല. ഇത്രയും വർഷം വരാത്ത കാര്യങ്ങൾ പെട്ടന്ന് വലിയ വാർത്തയായി വരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാനിരിക്കെയാണ് ഇതെല്ലാം പുറത്തുവരുന്നതെന്നതിന്റെ ലക്ഷ്യമെന്താണെന്ന് സംശയിക്കാവുന്നതേ ഉള്ളൂവെന്നും ബാലഗോപാൽ പറഞ്ഞു.
അതേസമയം, ശബരിമലയിൽ തെറ്റായ ചില കാര്യങ്ങൾ നടന്നതായി കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതിൽ ഒരു കുറ്റവാളി പോലും സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെ കൈയാമം വെച്ച് അകത്താക്കും. അന്വേഷണം നടക്കുകയാണ് അതിനിടയിൽ വിവാദവും പുകമറയും ഉണ്ടാക്കി കുളം കലക്കേണ്ട. കല്ലും നെല്ലും തിരിയട്ടെയെന്നും വിശ്വാസികളുടെ മുഴുവൻ അപ്പോസ്തലരായി ആരും വരേണ്ടെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.