പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നീക്കം അപകടം: കെ.എൻ.എം

അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന സർക്കാർ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നൽകുന്നതിൽ എത്രമേൽ ജാഗ്രത കാണിക്കുന്നെണ്ടെന്ന് ചിന്തിക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.

Update: 2024-03-12 09:45 GMT
Advertising

കോഴിക്കോട്: രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നീക്കം അത്യന്തം അപകടകരമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. മതം നോക്കി പൗരത്വം നൽകുന്നത് ജനാധിപത്യ രാജ്യത്തിന് അപമാനമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പൗരത്വ നിയമ ഭേദഗതി നിയമ ചട്ടവുമായി ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്. ജനങ്ങളെ വിഭജിക്കാനുള്ള അജണ്ടകൾ ഓരോന്നായി പുറത്തെടുക്കുന്നത് രാജ്യത്തിന്റെ യശസ്സിന് കളങ്കമേൽപ്പിക്കാൻ മാത്രമേ കാരണമാവുകയുള്ളൂ. പച്ചയായ വർഗീയ കാർഡുകൾ എടുക്കുക വഴി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഭയപ്പെടുത്തി നിരാശരാക്കുവാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. മതാടിസ്ഥാനത്തിൽ പൗരന്മാരെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകാൻ രാജ്യത്തെ മതേതര കൂട്ടായ്മകൾ ഒന്നിച്ചു നിൽക്കണമെന്നും ടി.പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു.

അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന സർക്കാർ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നൽകുന്നതിൽ എത്രമേൽ ജാഗ്രത കാണിക്കുന്നെണ്ടെന്ന് ചിന്തിക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും നിർഭയത്വത്തോടുകൂടി രാജ്യത്ത് ജീവിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് വേണ്ടത്. സ്വന്തം രാജ്യത്തെ ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ നൽകാൻ സാധിക്കാതെ വലിയ വർത്തമാനങ്ങൾ പറയുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തുകയും വർഗീയ കക്ഷികളെ താലോലിക്കുകയും ചെയ്യുന്ന ഇത്തരം നീക്കങ്ങളുമായി കൂടുതൽ കാലം മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും കെ.എൻ.എം പ്രസിഡന്റ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News