Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: വോട്ടർപ്പട്ടിക ക്രമക്കേടിൽ കൊടുവള്ളി മുനിസിപ്പൽ സെക്രട്ടറിക്ക് സ്ഥലംമാറ്റം. ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരമാണ് വി.എസ് മനോജിനെതിരായ സ്ഥലംമാറ്റം. കോഴിക്കോട് ജോയന്റ് ഓഫീസിലെ വിജിലൻസ് ഓഫീസർക്ക് പകരം ചുമതല നൽകി.
വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ നിരന്തരമായി ഉയർന്നുവന്നതോടെ നടപടിയെടുക്കാൻ ചുമതലപ്പെട്ട മുൻസിപ്പൽ സെക്രട്ടറി വി.എസ് മനോജിനോട് റിപ്പോർട്ട് നൽകാൻ കളക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരാതികളിൽ അന്വേഷണം നടത്താനോ ഓഫീസിലെത്താനോ മനോജ് തയ്യാറാവാത്തതിനെ തുടർന്നാണ് സ്ഥലം മാറ്റം. ജില്ലാ ഭരണാധികാരിയായ കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതോടെ സ്ഥലം മാറ്റുന്നതിനായി കമ്മീഷൻ നിർദേശം നൽകുകയായിരുന്നു.
കോഴിക്കോട് ജോയന്റ് ഓഫീസിലെ വിജിലൻസ് ഓഫീസറായ അനിൽകുമാറിനാണ് പകരം ചുമതല. വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭയിൽ നിരന്തരമായി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. വോട്ടർപട്ടികയിൽ നിരവധി പേരുടെ വോട്ട് തള്ളിപ്പോയിട്ടുണ്ടെന്നും പരാതിക്കാർ വൈകാരികമായി പ്രതികരിക്കുന്നത് സമ്മർദമുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജീവനക്കാർ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.