'സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നു, പിന്നീട് നടന്നത് ക്രൂരമായ കൊലപാതകം'; കൂടത്തില്‍ കേസില്‍ വഴിത്തിരിവായത് ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍

ജയമാധവനെ കൊലപ്പെടുത്തുന്നതിനായി കാര്യസ്ഥന്‍ രവീന്ദ്രന് രണ്ട് പേരുടെ സഹായം ലഭിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി

Update: 2026-10-14 06:18 GMT

തിരുവനന്തപുരം: കരനമ കൂടത്തില്‍ തറവാട്ടിലെ ജയമാധവന്റെ കൊലപാതകത്തിന് പിന്നില്‍ സ്വത്ത് നഷ്ടപ്പെടുമെന്ന പ്രതിയുടെ ആശങ്കയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ജയമാധവന്‍ വിവാഹിതനായാല്‍ സ്വത്ത് ലഭിക്കുമോയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ജയമാധവനെ കൊലപ്പെടുത്തുന്നതിനായി കാര്യസ്ഥന്‍ രവീന്ദ്രന് രണ്ട് പേരുടെ സഹായം ലഭിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ബന്ധുക്കളായ സജുവും അനിലുമാണ് രവീന്ദ്രനെ സഹായിച്ചത്. അനില്‍ നേരത്തെ മരണപ്പെട്ടിരുന്നു. സിജുവിനെ കേസില്‍ പ്രതിചേര്‍ക്കും.

Advertising
Advertising

2017ലാണ് ജയമാധവന്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചത്. 15 വര്‍ഷത്തിനിടെ ജയമാധവന്‍ അടക്കം കൂടം കുടുംബത്തിലെ ഏഴ് പേരാണ് ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. സ്വത്ത് തട്ടിയെടുക്കുന്നതിനായി കൂടം കുടുംബത്തിലെ ഓരോ അംഗങ്ങളെയും വളരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് മരിച്ചത്. ഗോപിനാഥ പിള്ളയുടെ മറ്റൊരു സഹോദരനായ നാരായണപ്പിള്ളയുടെ മകനാണ് ജയമാധവന്‍.

ഇവര്‍ക്ക് അവകാശം ഉണ്ടായിരുന്ന സ്വത്തുക്കള്‍ ഇഷ്ടദാനമെന്ന പേരില്‍ രവീന്ദ്രന്‍ നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തി. ഇതില്‍ സംശയം ഉന്നയിച്ച് ആദ്യം നാട്ടുകാരനായ അനില്‍കുമാറും പിന്നീട് ബന്ധുവായ പ്രസന്നകുമാരിയമ്മയുമാണ് പരാതികള്‍ നല്‍കിയത്. വില്‍പ്പത്രം തയ്യാറാക്കിയത് വ്യാജമായിട്ടാണെന്ന് തുടക്കത്തിലേ കണ്ടെത്തിയിരുന്നു.

ഇഷ്ടദാനമെന്നത് കള്ളമാണെന്നും രവീന്ദ്രന്‍ നായര്‍ വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തതാണെന്നും പൊലീസ് ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പിച്ചു. കേസിന്റെ ഭാഗമായി നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളും ബ്രെയിന്‍ മാപ്പിങ് പരിശോധനയുമാണ് കേസില്‍ നിര്‍ണായക വഴിതിരിവായത്.

സ്വത്ത് മുഴുവന്‍ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജയമാധവനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തല ചുമരില്‍ ഇടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ച ശേഷം, ഗുരുതരമായ അവസ്ഥയിലായ ഇയാളെ അടുത്ത ദിവസമാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും ജയമാധവന്‍ മരണപ്പെട്ടിരുന്നു.

രവീന്ദ്രനെതിരെ ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. രവീന്ദ്രന്‍ നായര്‍ അറസ്റ്റിലായതില്‍ സന്തോഷമുണ്ടെന്ന് അയല്‍വാസികള്‍ മീഡിയവണിനോട് പ്രതികരിച്ചു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News