കൗമാരക്കാരില്‍ പടര്‍ന്നുപിടിച്ച് കൊറിയന്‍ ഭ്രമം; തടയാന്‍ ബോധവത്കരണത്തിന് പൊലീസ്
അമിതമായ ആഭിമുഖ്യം മുതലെടുത്ത് ചതിക്കുഴികളൊരുക്കുന്നവരെ കുറിച്ച് വിദ്യാർഥികള്‍ക്ക് അവബോധം നല്‍കും
AI Image Generator
കൊച്ചി: കൗമാരക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന കൊറിയന്‍ ഭ്രമം തടയാന്‍ സ്‌കൂളുകളിലും കോളജുകളിലും ബോധവത്കരണ കാമ്പയിന്‍ നടത്താനൊരുങ്ങി പൊലീസ്. എറണാകുളം ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കെ-പോപ് എന്നറിയപ്പെടുന്ന കൊറിയന്‍ മ്യൂസിക്, കൊറിയന്‍ വെബ് സീരീസുകള്‍, സിനിമ തുടങ്ങിയവക്കാണ് കൗമാരക്കാര്‍ വന്‍തോതില്‍ ആകൃഷ്ടരാകുന്നത്. അമിതമായ ആഭിമുഖ്യം അപകടമാകുമെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം.
കൊറിയന്‍ സിനിമകളിലും സംഗീത ആല്‍ബങ്ങളിലും ആകൃഷ്ടരായി കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി തേടി പോകാനുമൊക്കെയുള്ള ആഭിമുഖ്യം കൗമാരക്കാരില്‍ വര്‍ധിച്ചുവരികയാണ്. ഇതു മുതലെടുത്ത് ചതിക്കുഴികളൊരുക്കുന്നവരുമുണ്ട്. ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ സ്‌കൂളുകളിലും കോളജുകളിലും കാമ്പയ്ന്‍ നടത്താനാണ് പൊലീസ് നീക്കം.
കൗമാരക്കാര്‍ക്കിടയിലെ കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും ചതിക്കുഴികളെ കുറിച്ച് ബോധവത്കരിക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് എറണാകുളം റൂറല്‍ എസ്പി കെ.എസ് സുദര്‍ശന്‍ പറഞ്ഞു. സൈബര്‍ പൊലീസ് ഉള്‍പ്പെടുന്ന സംഘത്തെയും ഇതിനായി ഉപയോഗിക്കും. ഇപ്പോള്‍ പരീക്ഷാക്കാലം ആയതിനാല്‍ അടുത്ത അധ്യയന വര്‍ഷമാകും കാമ്പയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
അതേസമയം, ആദിത്യയുടെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ്പി പറഞ്ഞു. സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവന്‍ വെടിയുന്നു എന്നാണ് ആദിത്യ ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്.