പി.എസ്.സി നിയമനക്കോഴ: പ്രമോദ് കോട്ടൂളിയോട് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണം തേടും
പ്രമോദ് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പാർട്ടിക്ക് ലഭിച്ചതായാണ് സൂചന. പണം തിരികെ നൽകിയെങ്കിലും പ്രമോദിനെതിരെ നടപടി ഉണ്ടാകും
കോഴിക്കോട്: പി.എസ്.സി നിയമനം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം.
പ്രമോദ് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പാർട്ടിക്ക് ലഭിച്ചതായാണ് സൂചന. പണം തിരികെ നൽകിയെങ്കിലും പ്രമോദിനെതിരെ നടപടി ഉണ്ടാകും. അതേസമയം പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രതികരണം. കോഴ വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സര്‍ക്കാറിനെയും മന്ത്രി റിയാസിനെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ഔദ്യോഗിക നിലപാട് പി.മോഹനന്‍ പറഞ്ഞതാണെങ്കിലും കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റിയംഗം കോഴവാങ്ങിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ. ഇന്ന് ചേർന്ന ജില്ല സെക്രട്ടറിയേറ്റ് പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ചചെയ്തു. പ്രമോദ് കോട്ടൂളി കോഴ ചോദിക്കുന്ന ശബ്ദരേഖ തെളിവായി ലഭിച്ചതായാണ് സൂചന.
ഈ സാഹചര്യത്തിലാണ് പ്രമോദിനോട് വിശദീകരണം തേടാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. വാങ്ങിയ 22 ലക്ഷം രൂപ പ്രമോദ് തിരികെ നൽകിയെന്നാണ് വിവരം. എന്നാലും തെറ്റായ പ്രവണതയിൽ നടപടി ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് സി.പി.എം നിലപാട്. അതേസമയം ആരോടും പണം വാങ്ങിയിട്ടില്ലെന്നും ആരോപണത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് പാർട്ടി അന്വേഷിക്കട്ടെയെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.