പനി ബാധിച്ചുള്ള അസ്വാഭാവിക മരണം; കോഴിക്കോട്ട് കൺട്രോള്‍ റൂം പ്രവർത്തനം ആരംഭിച്ചു

പനി ബാധിച്ച് മരിച്ച രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു

Update: 2023-09-12 15:13 GMT

കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.

പനി ബാധിച്ച് മരിച്ച രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് അറിയിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിപ എന്ന് സംശയമുള്ള മറ്റ് നാല് സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

Advertising
Advertising

ഇന്നലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിൽ പനി ബാധിച്ച് രണ്ട് മരണം സംഭവിച്ചത്. മരണത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. നിപ ലക്ഷണം കണ്ടെത്തിയ നാലു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒൻപത് വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. മരിച്ച ആദ്യത്തെയാളുടെ മകനാണ് ഒൻപത് വയസുകാരൻ. ബാക്കി ഉള്ളവരുടെ നില ഗുരുതരമല്ല. ഇന്നലെ മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കുന്നത് പരിശോധന ഫലം വന്നതിനു ശേഷമാണ്.

ആഗസ്ത് 30ന് പനിയെ തുടർന്ന് മരുതോങ്കര സ്വദേശി മരിച്ചിരുന്നു. 10 ദിവസത്തിനു ശേഷം ബന്ധുക്കളായ നാലു പേർക്ക് രോഗലക്ഷണമുണ്ടായി. മരിച്ച ആളുടെ രണ്ട് മക്കൾ, ഇയാളുടെ ബന്ധു, ബന്ധുവിന്റെ കുഞ്ഞ് എന്നിവരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ രക്തവും സ്രവവും പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. പനിയെ തുടർന്ന് ഇന്നലെ മരിച്ചത് ആയഞ്ചേരി മംഗലാട് സ്വദേശിയാണ്. ഇയാൾക്ക് മരുതോങ്കര സ്വദേശിയുമായി സമ്പർക്കമുണ്ടന്ന് കണ്ടെത്തി ഇയാളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News