മതവിരുദ്ധത വിളംബരം ചെയ്യുന്ന സരിന്റെ വാക്കുകൾ പാർട്ടി നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണം: കെ.പി നൗഷാദലി
നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ എന്നായിരുന്നു സരിന്റെ വിമർശനം
KP Noushadali | Sarin | Photo | Special Arrangement
കോഴിക്കോട്: സിപിഎം സഹയാത്രികനായ പി.സരിൻ മുസ്‌ലിം ലീഗ് വിമർശനമെന്ന പേരിൽ നടത്തിയത് വർഗീയ പരാമർശങ്ങളെന്ന് വിമർശനം. പുതിയ കാല സിപിഎം ഇച്ഛിക്കുന്ന രീതിയിൽ മൃദു സംഘിയായി പെരുമാറാനാണ് സരിൻ ശ്രമിച്ചതെന്ന് കെപിസിസി സെക്രട്ടറി കെ.പി നൗഷാദലി പറഞ്ഞു.
സ്വന്തം പാതയിലൂടെ പോയാൽ മാത്രമാണ് സ്വർഗം കിട്ടുക എന്ന് എല്ലാ സെമിറ്റിക് മതങ്ങളും വിശ്വസിക്കുന്നു. സ്വർഗം കിട്ടാൻ മതം അനുശാസിക്കുന്ന മാർഗത്തിൽ നീങ്ങണമെന്നതും എല്ലാ മതങ്ങളും പറയുന്നതാണ്. ഒരു വിഭാഗത്തെ ഉന്നംവെക്കുമ്പോൾ പല വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന ഇത്തരം ആളുകൾ സിപിഎമ്മിന്റെ ഐശ്വര്യം തന്നെയാണെന്നും നൗഷാദലി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സരിന് യുക്തിസഹമായി പെരുമാറാൻ കഴിയില്ല എന്ന് ആദ്യമേ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹം പാർട്ടി വിട്ടപ്പോൾ ആ തീരുമാനമെടുക്കാൻ അനുഭവിച്ച മാനസിക സംഘർഷങ്ങളോർത്ത് സഹതാപം തോന്നിയിരുന്നു. അതുകൊണ്ട് ഇന്നു വരെ അദ്ദേഹത്തെ പരിഹസിച്ചിട്ടില്ല. പരിഹാസങ്ങളിൽ പങ്കു ചേർന്നിട്ടുമില്ല.
സരിൻ പരിഹസിച്ചത്….സ്വന്തമായി വെട്ടിയ പാതയിലൂടെ മാത്രം പോയാലാണ് സ്വർഗ്ഗം കിട്ടുക എന്നു ചിലർ കരുതുന്നു. മരിച്ചു പോയാൽ സ്വർഗ്ഗം കിട്ടാൻ അവർ ജീവിതം ദുരുപയോഗം ചെയ്യുന്നു…. എന്നൊക്കെയാണ്. ലീഗിനെതിരാണ് പ്രസംഗം എന്നാണ് സഖാക്കൾ പറയുന്നത്.
പുതിയ കാല സിപിഎം ഇച്ഛിക്കുന്ന രീതിയിൽ മൃദു സംഘിയായി പെരുമാറാൻ സരിൻ ശ്രമിച്ചതാണ്. പക്ഷെ ആ മണ്ടൻ അറിയാതെ പോയ ചില കാര്യങ്ങളുണ്ട്. സ്വന്തം പാതയിലൂടെ പോയാൽ മാത്രമാണ് സ്വർഗ്ഗം കിട്ടുക എന്ന് എല്ലാ സെമിറ്റിക് മതങ്ങളും വിശ്വസിക്കുന്നു. സ്വർഗ്ഗം കിട്ടാൻ മതം അനുശാസിക്കുന്ന മാർഗ്ഗത്തിൽ നീങ്ങണമെന്നതും എല്ലാ മതങ്ങളും പറയുന്നതാണ്.
ഒരു വിഭാഗത്തെ ഉന്നം വെക്കുമ്പോൾ പല വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന ഇത്തരം മൊയന്തുകൾ സി പി എമ്മിൻറെ ഐശ്വര്യം തന്നെയാണ്. പക്ഷെ, പരസ്യമായി വിശ്വാസ വിരുദ്ധതയും മതവിരുദ്ധതയും വിളംബരം ചെയ്യുന്ന ഇത്തരം വാക്കുകൾ സി പി എമ്മിൻറെ ഔദ്യോഗിക അഭിപ്രായമാണോ എന്നു വ്യക്തമാക്കണം. എന്നാൽ പിണറായിയെ നിരീക്ഷിച്ചാൽ സരിനൊക്കെ എന്ത് എന്നും നാം ചിന്തിച്ചു പോകും !