Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീക്ഷണം പത്രത്തില്‍ വന്ന ലേഖനം തിരുത്താന്‍ ആവശ്യപ്പെട്ടതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പാര്‍ട്ടി മുഖപത്രത്തില്‍ അത്തരമൊരു ലേഖനം വരാന്‍ പാടില്ലായിരുന്നു. കെ. സുധാകരന്‍ വിഷയത്തില്‍ എടുത്ത നിലപാട് തിരുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
പാര്‍ട്ടിയുടെ നയത്തിനും നിലപാടിനും യോജിച്ചതല്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. തിരുത്താന്‍ വേണ്ടി ഞങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുഖപത്രത്തില്‍ ഒരിക്കലും വരാന്‍ പാടില്ലാത്തതായിരുന്നു. നൂറു ശതമാനം നേതാക്കളുടെ സമ്മതത്തോടെ എടുത്ത തീരുമാനമാണത്. സണ്ണി ജോസഫ് പറഞ്ഞു.
തീരുമാനം കൂട്ടായ സമ്മതത്തോടെയുള്ളതാണെന്നും ഒരാളും എതിര്‍ത്തില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
രാഹുലിനെതിരായ ലൈംഗിക പീഡനപരാതി വ്യാജമാണെന്നും സിപിഎം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേ അറ്റത്തെ കണ്ണിയാണ് രാഹുലെന്നുമായിരുന്നു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ലേഖനത്തിലുണ്ടായിരുന്നത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍.
മുഖപ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പത്രത്തിന് അതിന്റേതായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും പാര്‍ട്ടിയുടെ നയത്തിന് എതിരായി എഴുതരുതെന്നായിരുന്നു കെ. മുരളീധരന്റെ വിമര്‍ശനം. രാഹുലിനെതിരായ പാര്‍ട്ടി നടപടി കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുഖപത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.