'സമയമാകുമ്പോൾ പണം നൽകും'; കെ.എസ്.ആർ.ടി.സി എം.ഡിക്ക് ധനവകുപ്പിന്റെ പരിഹാസം

20 കോടി രൂപ കൂടി ആവശ്യപ്പെട്ട് എട്ട് ദിവസം മുമ്പ് നൽകിയ ഫയൽ ധനവകുപ്പ് കണ്ടഭാവം നടിച്ചിട്ടില്ല

Update: 2022-07-30 10:16 GMT

തിരുവനന്തപുരം: സർക്കാർ സഹായം തേടിയ കെ.എസ്.ആർ.ടി.സി എം.ഡിക്ക് ധനവകുപ്പിന്റെ പരിഹാസം. 20കോടി സർക്കാർ സഹായമായി ആവശ്യപ്പെട്ട ഫയലിന്റെ നിജസ്ഥിതി ആരാഞ്ഞപ്പോഴായിരുന്നു പരിഹാസം. സമയമാകുമ്പോള്‍ പണം നൽകുമെന്നായിരുന്നു സി.എം.ഡിയോടുള്ള മറുപടി. എട്ട് ദിവസമായി ഫയൽ ധനവകുപ്പിൽ തീരുമാനമെടുക്കാതെ കിടക്കുന്നു. ഇക്കാര്യം ചോദിച്ചപ്പോഴാണ് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ എം.ഡിയെ അവഹേളിച്ചത്.

സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന കാര്യം കെ.എസ്.ആര്‍.ടി.സി നേരെത്തെ വ്യക്തമാക്കിയിരുന്നു.കെ.എസ്.ആര്‍.ടി.സിയുടെ കൈവശം നീക്കിയിരിപ്പു തുകകള്‍ ഒന്നുമില്ലെന്നും എത്രയും പെട്ടന്ന് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നുമാണ് ആവശ്യം. എന്നാല്‍, നേരത്തെ 30 കോടി നൽകിയതിനാൽ കൂടുതൽ തുക അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

Advertising
Advertising

ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് കെ.എസ്.ആര്‍.ടി.സി സർക്കാരിനോട് 65 കോടിയാണ് ആവശ്യപ്പെട്ടത്. ജൂലൈയിലെ ശമ്പളം ആഗസ്റ്റ് അ‍ഞ്ചിന് മുന്‍പ് കൊടുക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, ജൂൺ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇനിയും 30 കോടിരൂപ കിട്ടിയാല്‍ മാത്രമേ ബാക്കിയുള്ളവര്‍ക്ക് കൂടി ശമ്പളം നല്‍കാന്‍ കഴിയൂ.

സർക്കാർ അനുവദിച്ച 30 കോടി രൂപ കൊണ്ട് മെയ് മാസത്തെ ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ചു തീർത്ത് 50 കോടിയുടെ പുതിയ ബാങ്ക് ഓവർ ഡ്രാഫ്റ്റ് എടുത്ത് ജൂണിലെ ശമ്പളം നൽകാൻ നേരത്തെ നിശ്ചയിച്ചിരുന്നു. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നൽകുന്നത്. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ, സൂപ്പർവൈസറി ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News