ഡോളർ കടത്തുകേസിൽ കെടി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണർ
ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് ജലീലിന് ബന്ധമുണ്ടായിരുന്നതെന്ന് സ്ഥലംമാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു
ഡോളർ കടത്തുകേസിൽ കെടി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും അന്വേഷണത്തിൽ പൊലീസ് സഹകരിച്ചില്ലെന്നും സ്ഥലംമാറിപ്പോകുന്ന സുമിത് കുമാർ വെളിപ്പെടുത്തി.
ഡോളർ കടത്തുകേസിൽ കെ.ടി ജലീലിന് നേരിട്ട് ബന്ധമില്ല. എന്നാൽ ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് ജലീലിന് ബന്ധമുണ്ടായിരുന്നത്. കേസുമായി ബന്ധമുള്ള നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യംവിട്ടു. ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇക്കാര്യങ്ങൾ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായതായും സുമിത് കുമാർ ആരോപിച്ചു. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെട്ടു. സ്വർണ്ണക്കടത്ത് കേസിൽ ഇടപെടാനും തന്നെ സ്വാധീനിക്കാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഭരിക്കുന്ന പാർട്ടിയാണോ മറ്റാരെങ്കിലുമാണോ എന്നു പറയുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ഇടപെടലുകൾ ഉണ്ടാവുന്നതാണ്. സ്വർണ്ണക്കടത്ത് കേസിൽ മുഖം നോക്കാതെ താൻ നടപടിയെടുത്തിട്ടുണ്ടെന്നും സുമിത് കുമാർ പറഞ്ഞു.
ഡോളർ കേസ് എന്ന് നമ്മൾ വിളിക്കുന്നത് ഒരു കേസല്ല. നിരവധി കേസുകളുണ്ട്. അത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഓരോ ഭാഗം പൂർത്തിയാകുന്ന മുറയ്ക്ക് കാരണം കാണിക്കൽ നോട്ടീസുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ റിപ്പോർട്ടിങ് ഓഫീസർ മുഖ്യമന്ത്രിയല്ലെന്നു പറഞ്ഞ സുമിത്കുമാർ കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണത്തെ പരിഹസിച്ചു. കേസിൽ ചെയ്യാനുളളതെല്ലാം കസ്റ്റംസ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഏജൻസിയെ കേന്ദ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം അസംബന്ധമാണ്-അദ്ദേഹം കൂട്ടിച്ചേർത്തു.