വിവാദങ്ങൾക്കിടെ കെ ടി ജലീൽ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തി

ഡൽഹിയിലെ പരിപാടികൾ റദ്ദാക്കിയാണ് ജലീൽ കേരളത്തിലെത്തിയത്

Update: 2022-08-14 05:16 GMT
Advertising

മലപ്പുറം: കശ്മീർ  പോസ്റ്റ് വിവാദങ്ങൾക്കിടെ കെ ടി ജലീൽ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തി. ഡൽഹിയിലെ പരിപാടികൾ റദ്ദാക്കിയാണ് ജലീൽ കേരളത്തിലെത്തിയത്. ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്. 

വീട്ടിൽ നിന്നും വന്ന സന്ദേശത്തെ തുടർന്നാണ് കെ ടി ജലീൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുൻ മന്ത്രി എ സി മൊയ്ദീൻ പറഞ്ഞു. കാശ്മീർ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പാർട്ടി നിലപാടെന്നും എസി മൊയ്തീൻ പറഞ്ഞു.

അതേ സമയം കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ കെ.ടി ജലീൽ പ്രതികരിച്ചില്ല. ഇന്നലെയാണ് കശ്മീരിൽ നിന്ന് ജലീൽ ഡൽഹിയിലെത്തിയത്. കശ്മീരിനെ കുറിച്ചുളള വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെ ടി ജലീൽ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. സിപിഎം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത വാചകങ്ങള്‍ പിന്‍വലിക്കുന്നതായി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ജലീലിന്‍റെ നിലപാടിനെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത് വന്നു.

പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള കാശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാല്‍ ഇന്നലെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് കെ ടി ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മുകശ്മീര്‍ താഴ്വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മുകശ്മീര്‍ എന്നും പറഞ്ഞിരിന്നു. ജലീലിന്‍റെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ന്യായീകരണവുമായി കെടി ജലീല്‍ രംഗത്ത് വന്നത്.

കശ്മീരിനെ കുറിച്ച് ഇന്നലെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ അവസാനം ജലീല്‍ വിശദീകരണം നിരത്തി.ഡബിള്‍ ഇന്‍വട്ടര്‍ഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്‍റെ അര്‍ത്ഥം മനസിലാകാത്തവരോടെ സഹതാപം മാത്രം എന്നതായിരിന്നു ജലീലിന്‍റെ ന്യായീകരണം. എന്നാല്‍ അതിട്ട് മണിക്കൂറുകള്‍ക്ക് ശേഷം പോസ്റ്റ് പിന്‍വലിക്കുന്നതായി ജലീല്‍ ഫെയ്സ്ബുക്കില്‍ തന്നെ പ്രഖ്യാപിച്ചു. യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത്തയത് കൊണ്ട് പോസ്റ്റ് പിൻവലിക്കുന്നതായാണ് ജലീല്‍ അറിയിച്ചത്. സിപിഎമ്മിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. സിപിഎമ്മിനെതിരെ ദേശീയ തലത്തില്‍ ബിജെപി ഈ വിഷയം ഉയര്‍ത്താന്‍ തുടങ്ങിയതോടെയാണ് പാര്‍ട്ടി ഇടപെട്ടത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News