ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം; ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മുന്‍കൂർ അനുമതി വാങ്ങണം

അന്ത്രോത്ത്, കല്‍പേനി ദ്വീപുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണ് ഉത്തരവിറക്കിയത്

Update: 2025-09-10 08:02 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: ലക്ഷദ്വീപിൽ തേങ്ങയിടുന്നതിൽ വിചിത്ര ഉത്തരവുമായി ജില്ല ഭരണകൂടം. റോഡരികിലുള്ള തെങ്ങുകള്‍ കയറാന്‍ 24 മണിക്കൂർ മുന്‍പ് രേഖാമൂലം അനുമതി വാങ്ങണമെന്നാണ് പുതിയ ഉത്തരവ്. വിചിത്ര ഉത്തരവിനെതിരെ ദ്വീപ് നിവാസികള്‍ ലക്ഷദ്വീപ് കലക്ടർക്ക് പരാതി നല്‍കി.

ലക്ഷദ്വീപ് ജനതയുടെ ദൈനംദിന ജീവിതം തടയുന്ന നിയന്ത്രണങ്ങളില്‍ അവസാനത്തേതാണ് ഈ ഉത്തരവ്. അന്ത്രോത്ത് , കല്‍പേനി ദ്വീപുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ മുകുന്ദ് വല്ലഭ് ജോഷി കഴിഞ്ഞ മാസം 28നാണ് ഉത്തരവിറക്കിയത്. സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ റോഡിനോട് ചേർന്ന് നില്‍ക്കുന്ന തെങ്ങുകളില്‍ നിന്നും തേങ്ങയിടാന്‍ 24 മണിക്കൂർ മുമ്പ് അനുമതി വാങ്ങിയിരിക്കണമെന്നാണ് ഉത്തരവ്.

Advertising
Advertising

തേങ്ങയിടുന്നതിന് ഉദ്ദേശിക്കുന്ന സ്ഥലമുടമയോ മറ്റ് ബന്ധപ്പെ ട്ടവരോ അതത് എസ്എച്ച്ഒ, അസി. എൻജിനീയർ (റോഡ്‌സ് വിഭാഗം), ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലാണ് അനുമതിക്ക് 24 മണിക്കൂർ മുമ്പ് അപേക്ഷിക്കേണ്ടത്. അനുമതി ലഭിച്ചശേഷം മാത്രമേ പ്രവൃത്തി ആരംഭിക്കാവൂ. അനധികൃതമായി തേങ്ങയിട്ടാൽ നിയമനടപടിക്ക് വിധേയമാകേണ്ടി വരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തെങ്ങ് കയറുന്നയാൾ ക്ലൈമ്പിങ് ഗിയറും താഴെ നിൽക്കുന്നയാൾ ഹെൽമറ്റ്, ഗ്ലൗസ് എന്നിവയും ധരിച്ചിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിചിത്ര ഉത്തരവിനെതിരെ അഭിഭാഷകനായ ആർ. അജ്‌മൽ അഹമ്മദ് ലക്ഷദ്വീപ് കലക്ടർക്ക് പരാതി നൽകി.

തേങ്ങയിടുന്നതിനിടെ വഴിയിലൂടെ വന്ന ഉദ്യോഗസ്ഥനോട് സുരക്ഷ കണക്കിലെടുത്ത് വണ്ടി നിർത്താൻ പ്രദേശവാസിയായ ഒരുവ്യക്തി ആവശ്യപ്പെട്ടെന്നും ഇതിൻ്റെ വിരോധമാണ് ഉത്തരവിന് കാരണമെന്നും അജ്മൽ ആരോപിച്ചു. സ്കൂൾ, ട്രാഫിക് തിരക്കേറുന്ന സമയങ്ങളിൽ തേങ്ങയിടരുത്. തേങ്ങയിടുന്നതിന് മുമ്പായി തെങ്ങിന് ചുറ്റും പത്ത് മീറ്റര്‍ സുരക്ഷാവലയം തീർക്കണം. താഴെ നിരീക്ഷിക്കുന്നതിന് ഒരാളുണ്ടാകണം.

വഴികളിലും സമീപത്തും നിരീക്ഷണം ആവശ്യമാണ്. ഈ സമയം ഇതിലൂടെ കാൽനടയാത്രക്കാരെ നിയന്ത്രിക്കണം. തേങ്ങയിടുന്ന നേരത്ത് തെങ്ങിന് കീഴിൽ പാർക്കിങ് പാടില്ല എന്നിങ്ങനെ നീളുന്നതാണ് ഉത്തരവിലെ നിർദേശങ്ങ ൾ. ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രധാന കൃഷിയും വരുമാനമാർഗവുമാണ് തെങ്ങ്. ഇത്തരത്തിലുള്ള നിർദേശങ്ങൾ ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും അ തിനാൽ ഉത്തരവ് പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News