കെപിസിസി നേതൃമാറ്റത്തിൽ നേതാക്കൾ പല തട്ടിൽ; സമ്പൂർണ്ണ പുനഃസംഘടന വേണമെന്ന് ആവശ്യം, അഴിച്ച് പണി മതിയെന്ന് ഒരു വിഭാഗം
നേതൃമാറ്റത്തിൽ നിലപാട് എടുക്കേണ്ടത് ഹൈക്കമാൻഡ് എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട്
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റത്തിൽ പലതട്ടിലായി കേരളാ നേതാക്കൾ. നേതൃമാറ്റം അടക്കം സമ്പൂർണ്ണ പുനഃസംഘടന വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ കെ.സുധാകരൻ തുടർന്നു കൊണ്ട് കെപിസിസിയിൽ അഴിച്ചു പണി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ദീപ ദാസ് മുൻഷിയുമായുള്ള ചർച്ചയിലാണ് ആവശ്യം. സുധാകരന്റെ പരിമിതകൾ ദീപാദാസ് മുൻഷിക്ക് മുന്നിൽ ചൂണ്ടിക്കാണിച്ച നേതാക്കൾ, വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്നും ആവശ്യപ്പെട്ടു.
നേതൃമാറ്റത്തിൽ നിലപാട് എടുക്കേണ്ടത് ഹൈക്കമാൻഡ് എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട്. അതേസമയം, സംയുക്ത വാർത്ത സമ്മേളനത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഐക്യമില്ലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ഇത്തവണ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ ഉയർന്നു വന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാന ചർച്ച ഇപ്പോൾ പാടില്ലെന്നും, തർക്കം തെറ്റായ സന്ദേശം നൽകുമെന്നും പി.ജെ കുര്യൻ പറഞ്ഞിരുന്നു. ഐക്യമുണ്ടെന്ന് തെളിയിക്കാൻ സംയുക്ത വാർത്താസമ്മേളനം നടത്താനും യോഗത്തിൽ തീരുമാനമായിരുന്നു.
ആറ് മണിക്കൂറോളം നീണ്ടു നിന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റെ പൊതുവികാരം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതൃത്വം ഐക്യത്തോടെ മുന്നോട്ട് പോകണം എന്നായിരുന്നു.