കെപിസിസിയിൽ നേതൃമാറ്റം ഉടൻ ?ചർച്ചകളുമായി ഹൈക്കമാൻഡ് മുന്നോട്ട്
കെ.സുധാകരൻ്റെ അഭിപ്രായം കൂടി തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്
തിരുവനന്തപുരം: കെപിസിസിയിൽ നേതൃമാറ്റം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെ.സുധാകരൻ തുടരുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ അവകാശപ്പെടുമ്പോഴും ചർച്ചകളുമായി ഹൈക്കമാൻഡ് മുന്നോട്ട് പോവുകയാണ്. നിലവിൽ ആൻ്റോ ആൻ്റണിയുടെ പേരിനു മുൻതൂക്കം ഉണ്ട്.സണ്ണി ജോസഫിൻ്റെ പേരും പരിഗണനയിലുണ്ട്.
കെ.സുധാകരൻ്റെ അഭിപ്രായം കൂടി തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. സുധാകരനെ കൂടി വിശ്വാസത്തിൽ എടുത്തുവെന്ന് വരുത്തുന്ന അനുനയ നീക്കത്തിന്റെ ഭാഗമാണിത്. മാറ്റിയാലും ഇല്ലെങ്കിലും തീരുമാനം വൈകുന്നതു ഗുണം ചെയ്യില്ലെന്ന് മുതിർന്ന നേതാക്കൾക്ക് അടക്കം അഭിപ്രായമുണ്ട്.
സുധാകരനെ മാറ്റുന്നില്ലെങ്കിൽ ഒരു ഹൈപവർ കമ്മറ്റി എന്ന ആശയും ചില നേതാക്കൾ മുന്നോട്ട് വച്ചിട്ടുണ്ട്. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിയിൽ സമൂലമായ മാറ്റമാണ് നല്ലതെന്ന് വിലയിരുത്തലിനാണ് മുൻതൂക്കം. എന്നാൽ സുധാകരനെ വിശ്വാസത്തിൽ എടുക്കാതെയാണ് നേതൃത്വം മുന്നോട്ടുപോകുന്നത് എന്ന അമർഷത്തിലാണ് സുധാകരപക്ഷമുള്ളത്.