ഓൺലൈനിൽ മരുന്ന് വിൽപ്പന; സ്ഥാപനത്തിനെതിരെ നടപടി
പൂശാരിപ്പടി ജെജെ മെഡിക്കൽസിന് എതിരെയാണ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടപടി സ്വീകരിച്ചത്
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓൺലൈനിൽ മരുന്ന് വിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി. പൂശാരിപ്പടി ജെജെ മെഡിക്കൽസിന് എതിരെയാണ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടപടി സ്വീകരിച്ചത്. ഓൺലൈനായി മരുന്ന് ആവശ്യപ്പെട്ട് പിടികൂടുകയായിരുന്നു. സ്ഥാപനത്തിൽ മരുന്ന് വാങ്ങിയത് ബിൽ ഇല്ലാതെയാണെന്നും കണ്ടെത്തി.
പൊതുജനാരോഗ്യത്തിന് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിൽ ഓൺലൈൻ മരുന്ന് വിൽപ്പന സജീവമാണെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രഗ് ലൈസൻസോ മറ്റു ആധികാരിക രേഖകളോ ആവശ്യമില്ലാതെ ആർക്കും ഫോൺ വിളിയിലൂടെ ഏത് മരുന്നും വൻ തോതിൽ ലഭ്യമാകുന്ന സാഹചര്യമാണ്. ഗുണമേൻമാ പരിശോധന പോലുമില്ലാതെയാണ് ഇത്തരത്തിൽ മരുന്ന് വിൽപ്പന നടത്തുന്നതെന്നും മീഡയവൺ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ക്ലിനിക്കുകൾ ഒഴികെ മറ്റെവിടെയും മരുന്ന് സംഭരിക്കുന്നതിന് ഡ്രഗ് ലൈസൻസ് വേണം. എന്നാൽ ആവശ്യക്കാർക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ മരുന്നുകൾ എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ കേന്ദ്രം ഉത്തരേന്ത്യയാണ്. ലൈസൻസോ മറ്റ് രേഖകളോ ഒന്നും മരുന്ന് വ്യാപാരത്തിന് ആവശ്യമില്ലെന്ന് തെളിയിക്കുന്നതാണ് ഓൺലൈൻ മരുന്ന് വിപണിയിലെ ഇടപാട്.