തദ്ദേശ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പ്രചാരണ ക്യാമ്പയിന്റെ പ്രധാന ടാഗ് ലൈൻ "വേണം വെൽഫെയർ" പ്രകാശനം ചെയ്തു
തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വാർഡിന്റെ വികസന കാഴ്ചപ്പാടുകളും പദ്ധതികളും ഊന്നിപ്പറയുകയാണ് "വേണം വെൽഫെയർ" ക്യാമ്പയിന്റെ ലക്ഷ്യം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടിയുടെ പ്രചരണ ക്യാമ്പയിന്റെ പ്രധാന ടാഗ് ലൈനായ "വേണം വെൽഫെയർ" പ്രകാശനം ചെയ്തു. കോഴിക്കോട് കൊടിയത്തൂരിൽ ജനസഭ എന്ന തലക്കെട്ടിൽ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഗമത്തിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് ടാഗ് ലൈൻ പ്രകാശനം നിർവഹിച്ചത്. പ്രകാശന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എ ഷഫീഖ് എന്നിവർ പങ്കെടുത്തു.
തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വാർഡിന്റെ വികസന കാഴ്ചപ്പാടുകളും പദ്ധതികളും ഊന്നിപ്പറയുകയാണ് "വേണം വെൽഫെയർ" ക്യാമ്പയിന്റെ ലക്ഷ്യം. വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സംസ്ഥാനത്തെ മുഴുവൻ സ്ഥാനാർത്ഥികളുടെയും ക്യാമ്പയിൻ മുഖവാചകം ഇതായിരിക്കുമെന്ന് പാർട്ടി സംസ്ഥാന ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ. എ ഷഫീഖ് പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർമായ വിഭവ വിതരണം, അധികാര പങ്കാളിത്തം, യുവജന - വിദ്യാർത്ഥി സൗഹൃദ വാർഡ് തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കാണ് പാർട്ടി നേതൃത്വം നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.