തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
സംസ്ഥാന തെര.കമ്മീഷണറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഉച്ചക്ക് 12 മണിക്ക് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എത്രഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നതടക്കമുള്ള വിശദവിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വിവരിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശതെരഞ്ഞെടുപ്പ് നടക്കുക എന്നതാണ് നേരത്തെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന്‍റെ തീയതികള്‍,നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയടക്കം ഉച്ചയോടെ അറിയാനാകും.
കഴിഞ്ഞ തവണ കോവിഡ് കാലമായിട്ടു കൂടി നവംബർ ആറിന് പ്രഖ്യാപനം നടന്നിരുന്നു.ഡിസംബർ എട്ട്,10,14 തീയതികളിലായിരുന്നു വോട്ടെടുപ്പ്.16ഫലപ്രഖ്യാപനവും 21ന് പുതിയ ഭരണസമിതിയും നിലവിൽ വരികയും ചെയ്തു.
ഡിസംബർ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ ഭരണസമിതികൾ അധികാരത്തിൽ വരണമെന്നാണ് ചട്ടം. മുൻകാലങ്ങളിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനായിരുന്നു തദ്ദേശ സ്ഥാപന ഭരണ സമിതികൾ അധികാരത്തിൽ എത്തിയിരുന്നത്. പിന്നീടത് കേരളപ്പിറവി ദിനമായ നവംബർ ഒന്നിലേക്ക് നീണ്ടു. കോവിഡ് കാലത്താണ് ഡിസംബർ 21ലേക്ക് നീട്ടിയത്. സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,580 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയപാർട്ടികളും പ്രചാരണ നടപടികള്‍ തുടങ്ങുകയും സ്ഥാനാർഥി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി സംസ്ഥാന ഭരണത്തുടർച്ച ഉണ്ടാക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നത്.
അതിനിടെ, തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്കാണ് സ്ഥാനാർഥി പ്രഖ്യാപനം.