കോവിഡ് അമ്മയെ കൊണ്ടുപോയി; കുഞ്ഞാവയ്ക്ക് അമ്മയായി മൂന്നാംക്ലാസുകാരി

പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരുടെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്

Update: 2021-08-04 05:36 GMT
By : Web Desk
Advertising

കോവിഡ് മഹാമാരി അമ്മയെ കൊണ്ടുപോയപ്പോൾ ദിവസങ്ങൾ മാത്രം പ്രായമുള്ള കൊച്ച് അനുജത്തിയെ, അമ്മയുടെ സ്ഥാനത്ത് നിന്ന് ശുശ്രൂഷിക്കുകയാണ് കട്ടപ്പന മാട്ടുക്കട്ടയിലെ മൂന്നാം ക്ലാസുകാരി സനിറ്റ സോജോ. അർബുദരോഗിയായ മുത്തശിയാണ് സനിറ്റക്ക് സഹായത്തിനുള്ളത്. കുട്ടികളുടെ ചെലവിനും അമ്മയുടെ ചികില്‍സയ്ക്കും വക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് പെയിന്‍റിംഗ് തൊഴിലാളിയായ സോജോ.

പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരുടെ അമ്മ മുപ്പത്തിയൊന്നുകാരിയായ സനിജയ്ക്കും പ്രസവകാല ശുശ്രൂഷക്കെത്തിയ സനിജയുടെ അമ്മക്കും കോവിഡ് സ്ഥിരീകരിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം സനിജയുടെ അമ്മ ന്യുമോണിയ മൂലം മരിച്ചു. പത്താം ദിവസം മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ വിട്ട് സനിജയും പോയി. അന്നുമുതൽ സാനിയ എന്ന് പേരിട്ടിരിക്കുന്ന കൊച്ച് അനുജത്തിയെ പൊന്നുപോലെ നോക്കുകയാണ് ചേച്ചി സനിറ്റ.

പഠിച്ച് ടീച്ചർ ആകണമെന്നാണ് സനിറ്റയുടെ ആഗ്രഹം. പെയിന്‍റിംഗ് തൊഴിലാളിയായ ഇവരുടെ അച്ഛന്‍ സോജോയുടെ ഏക വരുമാനമാണ് ഈ കുടുംബത്തിന്‍റെ ആശ്രയം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കാന്‍സര്‍ രോഗിയായ ലീലാമ്മയുടെ ചികില്‍സയും വഴിമുട്ടി. ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ജോലി ഇല്ലാത്തതിനാല്‍ നിത്യചെലവിനും കടുത്ത പ്രയാസമാണ്. ശിശു ക്ഷേമ സമിതിയിൽ വിവരം അറിയിച്ചപ്പോൾ കുട്ടികളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ സഹായിക്കാമെന്നാണ് അറിയിച്ചത്.

Full View


Tags:    

By - Web Desk

contributor

Similar News