സര്‍ക്കാര്‍ അഞ്ചു പശുക്കളെ നല്‍കും, ധനസഹായവുമായി ജയറാമും മമ്മൂട്ടിയും പൃഥിയും; കുട്ടിക്കര്‍ഷകരെ നെഞ്ചോടു ചേര്‍ത്ത് കേരളം

ഇന്ന് രാവിലെയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി തുക കൈമാറിയത്

Update: 2024-01-02 07:09 GMT
Editor : Jaisy Thomas | By : Web Desk

മാത്യു

Advertising

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടി കർഷകർക്ക് സഹായവുമായി സർക്കാറും നടൻമാരും. ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ച് പശുക്കളെ നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച ആവശ്യം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു. അഞ്ച് ലക്ഷം രൂപ നടൻ ജയറാം കുട്ടികർഷകരുടെ വീട്ടിലെത്തി കൈമാറി. പൃഥിരാജ് രണ്ട് ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും സഹായം വാഗ്ദാനം ചെയ്തതായി ജയറാം പറഞ്ഞു.

ഇന്ന് രാവിലെയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി തുക കൈമാറിയത്. ' അബ്രഹാം ഓസ്‍ലര്‍' എന്ന ചിത്രത്തിന്‍റെ പ്രമോഷനായി മാറ്റി വച്ച തുകയാണ് കൈമാറിയത്. '' ഇതേ വേദനയിലൂടെ കടന്നുപോയ ഒരാളാണ് ഞാന്‍. ആറേഴ് വര്‍ഷം മുന്‍പ് ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒരു പശുക്കുട്ടി കുഴഞ്ഞ് വീണ് ചത്തു. വയറെല്ലാം വീര്‍ത്ത് വായില്‍ നിന്ന് നുരയും പതയുമൊക്കെ വന്നു. വൈകുന്നേരമായപ്പോഴേക്കും 22 പശുക്കള്‍ കൂടി പോയി. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ല. പശുവിനെ വാങ്ങുന്നതിന് ഞാന്‍ ആരെയും ഏല്‍പ്പിക്കാറില്ല. ഞാനും ഭാര്യയും മക്കളും എല്ലാവരും ചേര്‍ന്ന് നേരില്‍ പോയി കണ്ടാണ്‌ വാങ്ങാറുള്ളത്. ഓരോ പശുവിനെയും പ്രത്യേക പേരിട്ട് വിളിക്കും. ചത്ത പശുക്കളുടെ ദേഹം ജെസിബി ഉപയോഗിച്ച് കുഴിയിലേക്ക് മാറ്റുമ്പോള്‍ ഞാനും ഭാര്യയും മക്കളുമെല്ലാം പൊട്ടിക്കരയുകയായിരുന്നു.

പത്രത്തില്‍ കുട്ടികളുടെ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഞാന്‍ അബ്രഹാം ഓസ്ലറിന്റെ സംവിധായകനെയും നിര്‍മാതാവിനെയും വിളിച്ചു. ട്രെയ്‌ലര്‍ ലോഞ്ചിന് ചെലവാകുന്ന പണം കുട്ടികള്‍ക്ക് കൊടുത്താലോ എന്ന് ചോദിച്ചു. അവര്‍ അതിന് സമ്മതിച്ചു. പൃഥ്വിരാജാണ് ട്രെയിലര്‍ ലോഞ്ച് ചെയ്യാനിരുന്നത്. അദ്ദേഹത്തെയും വിളിച്ച് കാര്യം അവതരിപ്പിച്ചു- ജയറാം പറഞ്ഞു. തൊഴുത്ത് വിപുലീകരിക്കാനും മറ്റും സഹായം ചെയ്യുമെന്നും ജയറാം വ്യക്തമാക്കി.

കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവര്‍ അരുമയായി വളര്‍ത്തിയിരുന്ന 13 കന്നുകാലികളാണ് കഴിഞ്ഞ ദിവസം ചത്തത്. ഞായറാഴ്ച വൈകീട്ട് തീറ്റയായി നല്‍കിയ കപ്പത്തൊലിയില്‍ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News