ജി.സുധാകരന് എതിരെ എസ്എഫ്‌ഐ; യൂദാസിനോട് ഉപമിച്ച് സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്

തള്ളി പറയുന്നത് ചെങ്കൊടിയെയും സ്വന്തം അനുജന്റെ രക്തസാക്ഷിത്വത്തേയും

Update: 2026-03-12 15:51 GMT

കോഴിക്കോട്: പാർട്ടി വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി.സുധാകരനെതിരെ എസ്എഫ്‌ഐ. ജി.സുധാകരനെ യൂദാസിനോടാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് ഉപമിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. സ്വന്തം അനുജന്റെ രക്തസാക്ഷിത്വവും ചെങ്കൊടിയേയുമാണ് ജി. സുധാകരൻ തള്ളിപ്പറയുന്നത്. ഇതുവരെ എത്തിച്ച പാർട്ടിയെ അധികാര കസേരയുടെ മതിഭ്രമത്തിൽ തള്ളിപ്പറഞ്ഞു. കോണ്ഗ്രസ്സിന്റെ മോഹന വാഗ്ദാനത്തിൽ സുധാകരൻ വീണു. ആലപ്പുഴയിലെ തൊഴിലാളി വർഗം നിങ്ങളെ തെരുവിൽ ചോദ്യ ചെയ്യുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

“യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനത്താൽ വഞ്ചിക്കുമോ?”

യേശുവിനെ ഒറ്റു കൊടുക്കുന്നതിന് യൂദാസ് യേശുവിനെ ചുംബിച്ച പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രം വിശദീകരിച്ചും വ്യക്തിപരമായി താൻ ഈ പാർട്ടിയെ ഉപയോഗിച്ച് കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ച ശേഷം ശ്രീ ജി. സുധാകരൻ അദ്ദേഹത്തെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ച പാർട്ടിയെ അധികാര കസേരയുടെ മതിഭ്രമത്തിൽ തള്ളിപറയുകയാണ്. 'പൂച്ചേ പൂച്ചേ' എന്ന് കവിത എഴുതിയ അദ്ദേഹം, 63 വർഷം പാർട്ടിയെ നയിച്ചിട്ട് സ്വന്തം വീട്ടിലെ പൂച്ച അല്ലാതെ ആലപ്പുഴയിലെ ഒരു പാർട്ടി ബ്രാഞ്ച് പോലും കൂടെ ഇല്ല എന്ന് ബോധ്യം ഉണ്ടായിട്ടും കോൺഗ്രസിൻ്റെ മോഹന വാഗ്ദാനത്തിൽ അദ്ദേഹം വീണു പോയിരിക്കുന്നു.

ഇനി അങ്ങോട്ട് കോൺഗ്രസുമായി ചേർന്നിരിക്കുമ്പോൾ സ്വന്തം അനുജൻ, അനശ്വര രക്തസാക്ഷി സ. ജി. ഭുവനേശ്വരൻ്റെ ഓർമ്മകൾ അങ്ങയെ പൊള്ളിക്കുമെന്നത് തീർച്ചയാണ്. 'കോൺഗ്രസാണ് ജി. ഭുവനേശ്വരനെ കൊന്നതെന്ന്' എല്ലാ ഡിസംബർ 07 നും ഞങ്ങളോട് മുടങ്ങാതെ ഇത്രയും നാൾ പ്രസംഗിച്ചിട്ടും ഇന്ന് ആ ചോദ്യത്തിന് കോൺഗ്രസിനെ തള്ളി പറയാതിരിക്കാൻ അങ്ങ് കാണിച്ച മനസ്സ് തെളിയുന്നത് രക്തസാക്ഷിയായ അനുജനെക്കാൾ വലുതാണ് നിങ്ങൾക്ക് അധികാരം എന്നാണ്. നിങ്ങൾ തള്ളി പറയുന്നത് ചെങ്കൊടിയേയും സ്വന്തം സഹോദരൻ്റെ രക്തസാക്ഷിത്വത്തെയുമാണ്. ഇത്രയും നാൾ താങ്കളെ ചേർത്തുപിടിച്ച പാർട്ടിയെയാണ്. പാർട്ടി നേതാവായത് കൊണ്ട് സ്നേഹിച്ച പാർട്ടി സഖാക്കളെയാണ്. സർവ്വാധികാരിയായിരുന്ന സർ സി. പി. യെ ചോദ്യം ചെയ്യാൻ മടിക്കാത്ത ആലപ്പുഴയിലെ തൊഴിലാളി വർഗ്ഗം നിങ്ങളെ തെരുവിൽ ചോദ്യം ചെയ്യുമെന്നത് തീർച്ചയാണ്.

SFI സ. ജി. ഭുവനേശ്വൻ്റെ പാതയിൽ മുന്നോട്ടു പോവും. ഇനിയും ആലപ്പുഴയിലെ സമര വിദ്യാർത്ഥിത്വം സ. ഭുവനേശ്വരൻ പിടിച്ച പതാകയും പൂക്കളുമായി കരിമുളക്കലിലെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ഒത്തുചേരും. 'സ. ജി. ഭുവനേശ്വനെ കൊന്നത് കോൺഗ്രസാണ്' എന്ന് ഇനിയും മുദ്രാവാക്യം വിളിക്കും. അവിടെ നിങ്ങൾക്കു നിൽകാൻ വേണ്ടി വിദ്യാർത്ഥികൾ ഒഴിച്ചിടാറുള്ള സ്ഥലം ഇനി ഉണ്ടാവില്ല!

രക്തസാക്ഷിക്കു മരണമില്ല

അവർ തന്ന കൊടികൾക്ക് പതനമില്ല..

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News