ജി. സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷം ആത്മപരിശോധന നടത്തണം : ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

'60 വര്‍ഷക്കാലം പ്രസ്ഥാനത്തെ സ്‌നേഹിച്ച നേതാവിനെ ജീവിത സായാഹ്നത്തില്‍ ചേര്‍ത്ത് നിര്‍ത്താനായില്ലെങ്കില്‍ പിന്നെ എന്ത് ഇടതുപക്ഷം?'

Update: 2026-03-12 15:13 GMT

കോഴിക്കോട്: ഇടതുപക്ഷ മൂല്യങ്ങള്‍ കെടാതെ സൂക്ഷിക്കുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ജി. സുധാകരനെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നും ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഉത്തമനായ കമ്മ്യൂണിസ്റ്റും അഴിമതിക്കറ പുരളാത്ത പൊതു പ്രവര്‍ത്തകനും മികച്ച മന്ത്രിയുമാണ് അദ്ദേഹം. 60 വര്‍ഷക്കാലം പ്രസ്ഥാനത്തെ സ്‌നേഹിച്ച നേതാവിനെ ജീവിത സായാഹ്നത്തില്‍ ചേര്‍ത്ത് നിര്‍ത്താനായില്ലെങ്കില്‍ പിന്നെ എന്ത് ഇടതുപക്ഷം? ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത് നേട്ടം? -ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു.

Advertising
Advertising

ഇടതുപക്ഷത്തിന്റെ വലതുവത്കരണത്തെ കുറിച്ചും സമ്പത്തിന്റ അമിത സ്വാധീനത്തെ പറ്റിയും വര്‍ഗീയസന്ധിയെ കുറിച്ചുമൊക്കെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ സൈബര്‍ ആക്രമണം വഴിയും പരിഹാസം വഴിയും നേരിടുന്ന സമീപനം ഇടതുപക്ഷത്തിന് എത്രനാള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും? ഇടതുപക്ഷത്തിന്റെ അപചയത്തെ വിമര്‍ശിക്കുന്നവര്‍ക്കാണ് അപചയം എന്ന രീതിയിലുള്ള പ്രതികരണം കൊണ്ട് എത്ര നാള്‍ പിടിച്ചു നില്‍ക്കും? സാധിക്കില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ജി. സുധാകരനെന്നും മാര്‍ കൂറിലോസ് പറഞ്ഞു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക് പോസ്റ്റ്

ഇടതുപക്ഷം ആത്മപരിശോധന നടത്തണം.

കേരളത്തില്‍ എനിക്ക് ഏറ്റവും ബഹുമാനമുള്ള രാഷ്ട്രീയ നേതാക്കളില്‍ മുന്‍പന്തിയിലാണ് ജി. സുധാകരന്‍ സഖാവിന്റെ സ്ഥാനം. സമകാലിക മലയാളത്തില്‍ അദ്ദേഹത്തെ കുറിച്ച് വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലേഖനവും ഞാന്‍ എഴുതിയിട്ടുണ്ട്. ഉത്തമനായ കമ്മ്യൂണിസ്റ്റ്, അഴിമതിക്കറ പുരളാത്ത പൊതു പ്രവര്‍ത്തകന്‍, മികച്ച മന്ത്രി, നല്ല വായനയും അറിവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമുള്ള നേതാവ്, ലാളിത്യം ഉള്‍പ്പെടെ ഇടതുപക്ഷ മൂല്യങ്ങള്‍ കെടാതെ സൂക്ഷിക്കുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍. ഈ കാര്യങ്ങളില്‍ ശത്രുക്കള്‍ പോലും മറിച്ച് ഒരു അഭിപ്രായം പറയാത്ത ആള്‍! അദ്ദേഹവും തന്റെ 63 വര്‍ഷം നീണ്ട പാര്‍ട്ടിബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.

ഇടതുപക്ഷത്തിന്റെ വലതുവത്കരണത്തെ കുറിച്ചും സമ്പത്തിന്റ അമിത സ്വാധീനത്തെ പറ്റിയും ഏറ്റവും അടുത്തകാലത്ത് എടുക്കുന്ന വര്‍ഗീയസന്ധിയെ കുറിച്ചുമൊക്കെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ പ്രത്യാക്രമണം വഴിയും സൈബര്‍ ആക്രമണം വഴിയും പരിഹാസം വഴിയും നേരിടുന്ന സമീപനം ഇടതുപക്ഷത്തിന് എത്രനാള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും? ഇടതുപക്ഷത്തു നിന്ന് ഇടതുപക്ഷത്തിന്റെ അപചയത്തെ വിമര്‍ശിക്കുന്നവര്‍ക്കാണ് അപചയം എന്നുള്ള രീതിയിലുള്ള പ്രതികരണങ്ങള്‍ കൊണ്ട് എത്ര നാള്‍ പിടിച്ചുനില്‍ക്കും? സാധിക്കില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സഖാവ് സുധാകരന്‍. ബാക്കി എല്ലാ വിഷയങ്ങളും അങ്ങനെ നില്‍ക്കട്ടെ - 60 വര്‍ഷക്കാലം പ്രസ്ഥാനത്തെ സ്‌നേഹിച്ച, സേവിച്ച ഒരു നേതാവിനെ അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ പോലുമുള്ള മാനുഷിക മൂല്യങ്ങള്‍ ഇല്ലാതെ പോയാല്‍ പിന്നെ എന്ത് ഇടതുപക്ഷം? ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത് നേട്ടം? 

Full View


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News