പാക് പതാക വിവാദം; ആതിര നമ്പ്യാതിരിയെ തിരികെ ജോലിയിലേക്ക് ക്ഷണിച്ച് ലുലു ഗ്രൂപ്പ്

പാക് പതാക വിവാദത്തെ തുടർന്ന് ലുലു ഗ്രൂപ്പ് സ്വീകരിച്ച അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ആതിര ജോലിയിൽ നിന്ന് രാജിവെച്ചിരുന്നു.

Update: 2023-10-14 10:41 GMT

കൊച്ചി: ലുലു മാളിലെ പാകിസ്താന്റെ കൊടി ഇന്ത്യയുടേതിനേക്കാൾ വലുതാണെന്ന വ്യാജ വാർത്തക്ക് പിന്നാലെ ജോലി നഷ്ടപ്പെട്ട ലുലുവിലെ മാർക്കറ്റിങ് മാനേജർ ആതിര നമ്പ്യാതിരിയെ തിരികെ ജോലിയിലേക്ക് ക്ഷണിച്ച് ലുലു ഗ്രൂപ്പ്. ആതിര തന്നെയാണ് ഇക്കാര്യം തന്‍റെ ലിങ്ക്ഡ് ഇന്നിലൂടെ അറിയിച്ചത്. പാക് പതാക വിവാദത്തെ തുടർന്ന് ലുലു ഗ്രൂപ്പ് സ്വീകരിച്ച അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ആതിര സസ്പെൻഷൻ അംഗീകരിക്കാതെ ജോലിയിൽ നിന്ന് രാജിവെച്ചിരുന്നു.  

വ്യാജ വാർത്തയ്ക്കെതിരെ നിലകൊണ്ടതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ആതിര നമ്പ്യാതിരി വ്യക്തമാക്കി. എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതായും അവർ കൂട്ടിച്ചേർത്തു.  

Advertising
Advertising

ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തിൽ വെച്ചതിനാൽ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലുപ്പത്തിൽ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഹിന്ദുത്വവാദികൾ ദുരുപയോഗിക്കുകയായിരുന്നു. ഏഷ്യാനെറ്റ് കന്നട പതിപ്പും ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനടക്കമുള്ളവരാണ് ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചത്.

ഇതിനു പിന്നാലെയായിരുന്നു ആതിരക്കെതിരെ അച്ചടക്ക നടപടിയും രാജിയും. തുടർന്ന്, ഒരു പതിറ്റാണ്ട് മുഴുവൻ സ്ഥാപനത്തിനായി ജോലി ചെയ്ത തനിക്ക് വ്യാജപ്രചരണങ്ങള്‍ കാരണം ജോലി നഷ്ടപ്പെട്ടെന്നും ഇന്ത്യക്കാരിയാണെന്നതിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ തന്റെ രാജ്യത്തോട് അഗാധമായ സ്നേഹം പുലർത്തുന്നുണ്ടെന്നും ആതിര വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News