ഇൻസ്റ്റഗ്രാം കോൾ വഴി വിളിച്ചുവരുത്തി; പിന്നീട് അഭിരാമിന്‍റെ മൃതദേഹം കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ, 17കാരന്‍റെ മരണത്തിൽ ദുരൂഹതയേറുന്നു

പ്രണയവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവരുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

Update: 2026-11-02 16:27 GMT

തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരൻ എം.ഡി അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. പാങ്ങപ്പാറയിലെ കാടുമൂടിയ പ്രദേശത്തുനിന്ന് മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന് പിന്നിലെ ആസൂത്രണം സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നത്. ചുറ്റും വീടുകളുള്ള ജനവാസ മേഖലയിലെ ചെറിയൊരു ഒറ്റപ്പെട്ട സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. അഭിരാമിനെ ഇവിടെ എത്തിച്ചതെങ്ങനെയെന്നും ഈ സ്ഥലം തന്നെ കൊലപാതകത്തിനായി തെരഞ്ഞെടുത്തത് എന്തിനാണെന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.

പ്രധാന റോഡിൽ നിന്ന് ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ചശേഷം വീണ്ടും ഏകദേശം 500 മീറ്റർ കൂടി കടന്നാലാണ് മൃതദേഹം കണ്ടെത്തിയ കാടുമൂടിയ പ്രദേശത്തെത്തുക. അടുത്തിടെ റോഡ് പണി നടന്നതിനാൽ ചെളിനിറഞ്ഞ വഴിയാണിവിടേക്കുള്ളത്. ചുറ്റും വീടുകളുള്ള പ്രദേശത്ത് ചെറിയൊരു ഭാഗം മാത്രമാണ് ആളൊഴിഞ്ഞ നിലയിലുള്ളത്. മറ്റൊരിടത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ എത്തിച്ചതാണോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ മൃതദേഹം മറ്റൊരിടത്തുനിന്ന് എത്തിച്ചതിന്റെ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതിനാൽ അഭിരാമിനെ ഈ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയശേഷം കൊലപ്പെടുത്തിയതാണോ എന്നതും അന്വേഷണത്തിൽ നിർണായകമാണ്.

Advertising
Advertising

ഇൻസ്റ്റഗ്രാമിൽനിന്ന് പെൺകുട്ടിയുടെ ശബ്ദത്തിലുള്ള കോൾ ലഭിച്ചതിന് പിന്നാലെയാണ് അഭിരാം വീട്ടിൽനിന്ന് ഇറങ്ങിയത്. വീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനിരിക്കെയാണ് സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് പുറത്തുപോയത്. ഉടൻ തിരിച്ചെത്താമെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും രാത്രി ഏറെ വൈകിയിട്ടും മടങ്ങിയെത്തിയില്ല. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ആയതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയെയും രണ്ടു ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇൻസ്റ്റഗ്രാമിലൂടെ അഭിരാമിനെ വിളിച്ചുവരുത്തിയ പെൺകുട്ടിയും കസ്റ്റഡിയിലുള്ളവരിൽ ഉൾപ്പെടുന്നതായാണ് പ്രാഥമിക സൂചന. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ ഇവരുടെ പങ്കും കൃത്യത്തിന് പിന്നിലെ കാരണവും സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

കസ്റ്റഡിയിലുള്ള ആൺകുട്ടി മറ്റൊരു സുഹൃത്തിനോട് അഭിരാമിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതായി വെളിപ്പെടുത്തിയതോടെയാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ഈ വിവരമാണ് മൃതദേഹം കണ്ടെത്തുന്നതിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്.

പ്രണയവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവരുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അഭിരാമിനെ വിളിച്ചുവരുത്തിയത് എന്തിനായിരുന്നു, കൊലപാതകത്തിന് പിന്നിലെ കാരണം എന്താണ്, കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. 

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News