കോഴിക്കോട്: ഇന്‍ഡ്യ മുന്നണിയിലെ കോൺഗ്രസിൻ്റെ ഏറ്റവും പഴക്കം ചെന്ന പാർട്ണറാണ് മുസ്‌ലിം ലീഗെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും പൊന്നാനി എംഎൽഎയുമായ കെ.പി നൗഷാദ് അലി.
മുന്നണി രാഷ്‌ട്രീയത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത1969 മുതൽ ലീഗ് കോൺഗ്രസിൻ്റെ സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന മഹാറാലിയിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് പ്രസംഗിക്കാൻ അവസരം നൽകാത്തത് വാർത്തയായ പശ്ചാത്തലത്തിലാണ്, ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം ഓർമിപ്പിച്ചു കൊണ്ട് നൗഷാദ് അലി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിൽ കോൺഗ്രസിനോളം തലപ്പൊക്കം ലീഗിനുണ്ടെന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ത്യ മുന്നണിയിലെ കോൺഗ്രസിൻ്റെ ഏറ്റവും പഴക്കം ചെന്ന പാർട്ണറാണ് മുസ്ലിംലീഗ്. മുന്നണി രാഷ്‌ട്രീയത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത1969 മുതൽ ലീഗ് കോൺഗ്രസിൻ്റെ സഖ്യകക്ഷിയാണ്.
ഇന്ത്യയിൽ കോൺഗ്രസിൻ്റെ സ്റ്റാർ സീറ്റുകളിലെ പ്രധാനപ്പെട്ട വയനാടിൽ കോൺഗ്രസിനോളം തലപ്പൊക്കം ലീഗിനുണ്ട്. ക്ഷാമ - ക്ഷേമ ഭേദമന്യെ ആ പ്രവാഹം പ്രതാപത്തോടെ തന്നെ തുടരും.
ഡൽഹി ചലോ റാലിയിൽ പ്രസംഗിക്കാൻ അവസരം ലഭിക്കാത്തത്, രാഷ്ട്രപതിയെ കാണാനുള്ള സർവ കക്ഷി സംഘത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടത്, പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള വിദ്യാർഥി, യുവജന കൂട്ടായ്മകളിൽ നിന്ന് എംഎസ്എഫിനെയും യൂത്ത് ലീഗിനെയും മാറ്റി നിർത്തിയത് എന്നിവയിലെല്ലാം ലീഗിനുള്ളിൽ അമർഷം പുകയാൻ ഇടയാക്കിയിട്ടുണ്ട്. നിലവിൽ പാർലമെൻ്റിൻ്റെ ഇരു സഭകളിലുമായി അഞ്ച് അംഗങ്ങൾ ലീഗിനുണ്ട്.
എന്നാൽ അത്ര പോലും ശക്തിയില്ലാത്ത പാർട്ടികൾക്ക് ഡൽഹിയിലെ പ്രതിഷേധ പരിപാടികളിൽ വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്ന പരാതിയും ലീഗ് നേതാക്കൾ പങ്കുവെക്കുന്നുണ്ട്. ഈ വിവാദം മുന്നണിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് നൗഷാദലിയുടെ പ്രതികരണം.