തിരുവനന്തപുരം നെടുമങ്ങാട് വൻ തീപിടിത്തം; ജ്വല്ലറിയും ടെക്സ്റ്റൈൽസും ഉൾപ്പെടെ നാല് കടകൾ കത്തിനശിച്ചു
തീപിടിത്തമുണ്ടായ സമയത്ത് ജീവനക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായിട്ടില്ല
Update: 2026-09-28 14:58 GMT
തിരുവനന്തപുരം: നെടുമങ്ങാട് കുളവിക്കോണത്ത് വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം. കോക്‌ടെയിൽ എന്ന കടയുടെ മുകൾഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായത്. രണ്ട് ടെക്സ്റ്റൈൽസ് കടകൾ, ഒരു ജ്വല്ലറി, ഒരു മൊബൈൽ കട എന്നിവ ഉൾപ്പെടെ നാല് കടകളിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായ സമയത്ത് ജീവനക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായിട്ടില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. വാഹനങ്ങളിലെ വെള്ളം തീർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം വെള്ളം നിറയ്ക്കാൻ പോയി തിരിച്ചെത്തി. തുടർന്ന് തീ അണയ്ക്കാനുള്ള പ്രവർത്തനം തുടരുകയാണ്.