മലബാർ സമരം: ഐ.സി.എച്ച്.ആർ ചരിത്രത്തെ ക്രൂരമായി വക്രീകരിക്കുന്നു- ഇ.ടി മുഹമ്മദ് ബഷീർ

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെയും മതേതരത്വത്തിന്റെയും മഹിതമായ പാരമ്പര്യം വക്രീകരിക്കുന്ന ഫാസിസത്തിന്റെ നീക്കത്തെ ധിഷണാപരമായി തിരുത്താൻ വേണ്ടതെല്ലാം മുസ്‍ലിം ലീഗ് ചെയ്യുമെന്ന് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു

Update: 2021-08-23 16:22 GMT
Editor : Shaheer | By : Web Desk
Advertising

മലബാർ സമരത്തിലെ രക്തസാക്ഷികളും യോദ്ധാക്കളുമായിട്ടുള്ള 387 പേരെ ഇന്ത്യൻ രക്തസാക്ഷികളുടെ ഡിക്ഷനറിയിൽനിന്ന് ഒഴിവാക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ റിസർച്ച് തീരുമാനിച്ചതായി വന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഐ.സി.എച്ച്.ആറിന്റെ കണ്ടത്തലുകൾ ശുദ്ധ അസംബന്ധമാണ്. ചരിത്രത്തെ ക്രൂരമായി വക്രീകരിക്കുകയാണ് അവർ ചെയ്തിട്ടുള്ളതെന്നും ബഷീർ കുറ്റപ്പെടുത്തി.

ഈ വാർത്തകളുടെ സൂചന നേരത്തെ തന്നെ വന്നിരുന്നു. തങ്ങളുടെ കണ്ടത്തലുകളും നിഗമനങ്ങളും ഉൾപ്പെടുത്തി ഒക്ടോബർ അവസാനം ഇറക്കാൻ പോകുന്ന ഡിക്ഷനറിയിൽ ഭേദഗതികൾ വരുത്തുമെന്നും ഐ.സി.എച്ച്.ആർ ഡയറക്ടർ ഓംജി ഉപാധ്യായ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അവരുടെ കണ്ടത്തലുകൾ ശുദ്ധ അസംബന്ധമാണ്. ചരിത്രത്തെ ക്രൂരമായി വക്രീകരിക്കുകയാണ് അവർ ചെയ്തിട്ടുള്ളത്. ഐ.സി.എച്ച്.ആർ തലപ്പത്ത് വർഗീയവും പ്രതിലോമകരവുമായ മനോഭാവം പുലർത്തുന്നവരെ തിരുകിക്കയറ്റിയത് എന്തിനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെയും മതേതരത്വത്തിന്റെയും മഹിതമായ പാരമ്പര്യം വക്രീകരിക്കുന്ന ഫാസിസത്തിന്റെ പുതിയൊരു ഉൽപ്പന്നം മാത്രമാണിത്. ഇതിനെ ധിഷണാപരമായി തിരുത്താൻ ആവശ്യമായത്രയും മുസ്‍ലിം ലീഗ് ചെയ്യും. മലബാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രോജ്ജ്വലമായ അധ്യായങ്ങളായിരുന്നുവെന്ന് മൺമറഞ്ഞവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ നിരവധി ചരിത്രകാരന്മാരുടെ സത്യസന്ധമായ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുവെന്നത് ആശ്വാസകരമാണ്- ഇ.ടി കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News