സംസ്ഥാനത്ത് ഡോക്ടർമാരുടെ തസ്തികയായി; മലപ്പുറം ജില്ലക്ക് അവഗണന, ലഭിച്ചത് നാല് ഡോക്ടർമാരെ
സംസ്ഥാനത്തെ ആശുപത്രികളിലേക്ക് 202 ഡോക്ടർമാരുടെ തസ്തികകളാണ് സൃഷ്ടിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്ക്ക് ലഭിച്ചത് നാല് ഡോക്ടർമാർ മാത്രം.
മലപ്പുറം: സംസ്ഥാന തലത്തിൽ ഡോക്ടർമാരുടെ തസ്തിക ഉത്തരവിറക്കിയപ്പോൾ മലപ്പുറത്തിന് അവഗണന. സംസ്ഥാനത്തെ ആശുപത്രികളിലേക്ക് 202 ഡോക്ടർമാരുടെ തസ്തികകളാണ് സൃഷ്ടിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്ക്ക് ലഭിച്ചത് നാല് ഡോക്ടർമാരെ മാത്രം.
തിരൂർ ജില്ലാ ആശുപത്രിയിൽ നെഫ്രോളജി, ന്യുറോളജി, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഓരോ ഡോക്ടറും നിലമ്പൂർ ജില്ല ആശുപത്രിയിൽ ജനറൽ സർജറി വിഭാഗത്തിൽ ഒരു ഡോക്ടറെയും മാത്രമാണ് ജില്ലക്ക് ലഭിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന മഞ്ചേരിയിൽ ഒരു ഡോക്ടറെ പോലും നിയമിച്ചില്ല. രോഗികളുടെ എണ്ണത്തിനനുസരിച്ച് കിടക്കകളും ജീവനക്കാരും ഇല്ലാതെ ഇരിക്കുമ്പോഴാണ് ജില്ലയോടുള്ള ഈ അവഗണന.
കാർഡിയോളജി വിഭാഗത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മൂന്നും തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജനറൽ ആശുപത്രി, കണ്ണൂർ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികൾക്ക് രണ്ടും, പാലക്കാട് കൊല്ലം, ജില്ല ആശുപത്രികൾക്കും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് ഒന്നും ഉൾപ്പെടെ 20 ഡോക്ടർമാരെ അനുവദിച്ചപ്പോൾ ജില്ലക്ക് ഒന്നുപോലും നൽകിയില്ല.
എട്ട് അസിസ്റ്റന്റ് സർജൻ തസ്തികകൾ സൃഷ്ടിച്ചെങ്കിലും കൂത്തുപറമ്പ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികളിലും ചിറ്റൂർ, കൊട്ടാരക്കര താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികളിലുമായി ഒതുങ്ങി.
യൂറോളജി വിഭാഗത്തിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകൾക്ക് മാത്രമാണ് തസ്തിക. അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ തസ്തികയിൽ 48ഉം ഗൈനക്കോളജി വിഭാഗത്തിൽ ഒമ്പതും ശിശുപരിചരണ വിഭാഗത്തിൽ മൂന്നും അനസ്തേഷ്യാ വിഭാഗത്തിൽ 21 തസ്തികകളും സൃഷ്ടിച്ചപ്പോൾ ജില്ലക്ക് ഒന്നു പോലുമില്ല. ജില്ലയിൽ ഡോക്ടർമാർ ഇല്ലാത്ത പ്രതിസന്ധി തുടരുമ്പോഴാണ് വീണ്ടും ഈ അവഗണന.
Watch Video Report