മന്ത്രിയുടെ കണക്ക് തെറ്റ്; പ്ലസ് വൺ സീറ്റ് കിട്ടാതെ മലപ്പുറത്ത് 24,352 പേർ

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ സീറ്റിൽ പ്രവേശനം നേടിയാലും 18,005 കുട്ടികൾ പുറത്തു നിൽക്കേണ്ടി വരും

Update: 2024-06-25 06:12 GMT

മലപ്പുറം: പ്ലസ് വണിന് സീറ്റ് ലഭിക്കാതെ മലപ്പുറത്ത് 24,352 കുട്ടികൾ. മെറിറ്റ്, മാനേജ്‌മെന്റ്, സ്‌പോർട്ട്‌സ്, എംആർഎസ് ക്വാട്ടയടക്കം 6347 സീറ്റുകളാണ് ആകെ ബാക്കിയുള്ളത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ സീറ്റിൽ പ്രവേശനം നേടിയാലും 18,005 കുട്ടികൾ പുറത്തു നിൽക്കേണ്ടി വരും. മലപ്പുറത്തെ പ്രവേശനം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്നലെ പറഞ്ഞതിൽ നിന്നും വ്യത്യസ്ഥമാണ് ഈ കണക്ക്.

17,298 പേർക്കാണ് മലപ്പുറത്ത് ഇനി സീറ്റ് കിട്ടാനുള്ളതെന്നായിരുന്നു കണക്കുകൾ നിരത്തി വിദ്യാഭ്യാസമന്ത്രിയുടെ വാദം. സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിയുമ്പോൾ 7408 സീറ്റിന്റെ പ്രശ്‌നമാണ് വരികയെന്നും മന്ത്രി പറഞ്ഞിരുന്നു.

Advertising
Advertising

മറ്റ് ജില്ലകളിൽ പ്രവേശനം നേടിയവരെ മാറ്റിനിർത്തിയാൽ ആകെ 78,114 പേരാണ് മലപ്പുറത്ത് പ്ലസ് വണിന് അപേക്ഷിച്ചത്. ഇതിൽ 53,762 കുട്ടികൾ പ്രവേശനം നേടി. അൺ എയ്ഡഡ് സീറ്റുകളുടെ കണക്കെടുത്താലും 10,800 സീറ്റുകളാണിവിടെ ബാക്കിയുള്ളത്. ഇതിൽ പ്രവേശനം നേടിയാലും ഏഴായിരത്തിലധികം കുട്ടികൾക്ക് നിലവിലെ സാഹചര്യത്തിൽ സ്‌കൂളിൽ പോയി പഠിക്കാനാവില്ല. എന്നാൽ 11,546 പേർ അലോട്ട്‌മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയില്ല എന്ന് പറഞ്ഞ് ഈ കുട്ടികളെ വിദ്യാഭ്യാസമന്ത്രി കണക്കിൽ നിന്ന് ഒഴിവാക്കുകയാണുണ്ടായത്.

Full View

മലപ്പുറത്തെ പ്ലസ്‌വൺ സീറ്റു കുറവ് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചപ്പോൾ അൺ എയ്ഡഡ് സ്‌കൂളിൽ പ്രവേശനം നേടിയവരെയും വി.എച്ച്.എസ്.സിയിൽ പ്രവേശനം നേടിയവരെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടുത്തിയിരുന്നു.

വിഷയത്തിൽ വിദ്യാർഥി സംഘടനകളുമായി ഇന്ന് മന്ത്രി ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ പ്ലസ് വണിന് പുതിയ ബാച്ചുകൾ അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകില്ല. കണക്കുകൾ ബോധ്യപ്പെടുത്തുക മാത്രമാണ് ചർച്ചയുടെ ലക്ഷ്യമെന്നാണ് വിവരം. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും പ്രശ്‌നമുണ്ടെങ്കിൽ പരിഗണിക്കാമെന്നാണ് സർക്കാർ നിലപാട്.

അതേസമയം സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വിദ്യാർഥി സംഘടനകൾ. തിരുവനന്തപുരത്ത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലാണ് പഠിപ്പുമുടക്ക് സമരം. സീറ്റ് പ്രതിസന്ധിയിൽ കോഴിക്കോട് ആർആർഡി ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് എസ്ഡിപിഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മലപ്പുറത്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കലക്ടറേറ്റ് മാർച്ചും നടക്കുന്നുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News