മൈസൂരുവിൽ വിനോദയാത്രക്ക് പോയവരെ ബന്ദികളാക്കിയെന്ന് പരാതി: ദുരനുഭവം മലപ്പുറം സ്വദേശികൾക്ക്
കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ കവർന്ന അക്രമി സംഘം ഒരു ലക്ഷത്തിലധികം രൂപയും തട്ടിയെടുത്തെന്നാണ് യുവാക്കളുടെ പരാതി
മലപ്പുറം: മൈസൂരുവിലേക്ക് വിനോദയാത്ര പോയവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചതായി പരാതി. മലപ്പുറം കാളികാവ് സ്വദേശികൾക്കാണ് ദുരനുഭവം ഉണ്ടായത്. പൊലീസ് ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവർ നാട്ടിൽ തിരിച്ചെത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് കാളികാവ് പള്ളിശ്ശേരി സ്വദേശികളായ ഷറഫുദ്ദീൻ,സക്കീർ പി കെ ഷറഫുദ്ദീൻ , ലബീബ് , ഫാസിൽ എന്നിവർ മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. പിന്നീട് ഉണ്ടായത് തീർത്തും മോശമായ അനുഭവങ്ങളെന്ന് യുവാക്കൾ പറയുന്നു. താമസ സ്ഥലം ഏർപ്പാടാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ഓട്ടോ ഡ്രൈവർ യുവാക്കളെ സമീപിച്ചു. തുടർന്ന് ഇവരെ ഒരു റൂമിലാക്കിയതിന് ശേഷം പുറത്ത് നിന്ന് വാതിൽ പൂട്ടി. പിന്നീട് ഇവിടെയെത്തിയ മറ്റൊരു സംഘം പണ ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചെന്ന് യുവാക്കൾ പറയുന്നു. ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ കവർന്ന അക്രമി സംഘം ഒരു ലക്ഷത്തിലധികം രൂപയും തട്ടിയെടുത്തെന്നാണ് യുവാക്കളുടെ പരാതി.
ഇതിനിടെ, യുവാക്കൾ മൈസൂരുവിൽ ബന്ദിയാക്കപ്പെട്ടെന്നറിഞ്ഞ നാട്ടിലെ സുഹൃത്തുക്കൾ ചേർന്ന് കാളികാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ കർണാടക പോലീസുമായി ബന്ധപ്പെടുകയും പോലീസിന്റെ ഇടപെടലിൽ രക്ഷപ്പെടുകയായിരുന്നു. പൊലീസിന്റെ ഇടപെടലിനൊപ്പം നാട്ടിലുള്ള സൃഹുത്തുക്കൾ കഴിഞ്ഞ ദിവസം മൈസൂരുവിലെത്തിയാണ് യുവാക്കളെ സുരക്ഷിതരായി നാട്ടിലെത്തിച്ചത് .