അന്ന് ലവ് ജിഹാദ് കോലാഹലങ്ങളുണ്ടായിരുന്നെങ്കിൽ ഞാനുണ്ടാവില്ലായിരുന്നു: മല്ലികാ സാരാഭായ്

ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മല്ലികാ സാരാഭായി

Update: 2023-01-06 08:34 GMT
Advertising

തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് ലവ് ജിഹാദ് കോലാഹലങ്ങൾ ഉണ്ടായിരുന്നെങ്കിൽ താൻ ഉണ്ടാവില്ലായിരുന്നുവെന്ന് നര്‍ത്തകിയും ആക്റ്റിവിസ്റ്റുമായ മല്ലികാ സാരാഭായ്. ലവ് ജിഹാദ് കോലാഹലങ്ങൾ ഇല്ലാത്തതിനാലാണ് തന്‍റെ പൂർവികർ ഒന്നിച്ചത്. ആരെ കല്യാണം കഴിക്കണം, കഴിക്കരുതെന്ന് മാതാപിതാക്കൾ മക്കളെ ഉപദേശിക്കുന്ന കാലമാണിതെന്നും മല്ലികാ സാരാഭായി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മല്ലികാ സാരാഭായി.

"എന്‍റെ മുത്തശ്ശനും മുത്തശ്ശിയും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ്. അച്ഛനും അമ്മയും അങ്ങനെ തന്നെയാണ്. മക്കളോട് മറ്റു വിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കരുതെന്ന് മാതാപിതാക്കള്‍ പറയരുത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മൾ നമ്മുടെ കുടുംബത്തിലെ ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകണം"- മല്ലികാ സാരാഭായ് പറഞ്ഞു.

ലവ് ജിഹാദ് ആർ.എസ്.എസിന്റെ അജണ്ടയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. ഭരണ സംവിധാനവും രാഷ്ട്രീയവും ഇതിനായി ഉപയോഗിക്കുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ബൃന്ദ കാരാട്ട്.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്താണ് നടക്കുന്നത്. സമ്മേളന നഗറിൽ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. ചെഗുവേരയുടെ മകൾ ഡോ. അലെയ്‌ഡ ഗുവേരയും ചെറുമകൾ പ്രൊഫ. എസ്‌തഫാനോ ഗുവേരയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News