തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കി അന്തരിച്ച സൈനിക മേധാവിക്കെതിരെ കമന്റ്; യുവാവ് പരാതി നൽകി

കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഫൈസലാണ് പരാതിക്കാരൻ

Update: 2021-12-12 03:35 GMT
Editor : André | By : Kannur Bureau
Advertising

തന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത് അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെ സമൂഹമാധ്യമങ്ങളിൽ അവഹേളിച്ചതിനെതിരെ പൊലീസിൽ പരാതി നൽകി യുവാവ്. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഫൈസലാണ് വ്യാജ പ്രൊഫൈൽ നിർമിച്ചവർക്കെതിരെയും വ്യാജവാർത്ത പ്രചരിപ്പിച്ച പോർട്ടൽ, ബ്ലോഗർ എന്നിവർക്കെതിരെയും എടക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

തന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത് നിർമിച്ച ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ബിപിൻ റാവത്തിന്റെ മരണവാർത്താ പോസ്റ്റിൽ ചിരിക്കുന്ന ഇമോജിയും 'അല്ലാഹുവിന്റെ ശിക്ഷ തുടങ്ങി' എന്ന കമന്റും ഇട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഫൈസലിന്റെ പരാതി. ഈ കമന്റിന്റെ നിജസ്ഥിതി സ്ഥിരീകരിക്കാതെ ശ്രീഹരി, അനസ് മുഹമ്മദ് വിളയിൽ, ജിജി നിക്‌സൺ എന്നീ ഫേസ്ബുക്ക് ഉപയോക്താക്കളും കർമ ന്യൂസ് എന്ന ഓൺലൈൻ ന്യൂസ് പോർട്ടലും സോഷ്യൽ മീഡിയയിൽ മോശമായ രീതിയിൽ വ്യാജവാർത്ത നൽകിയെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

തമിഴ്‌നാട്ടിലെ കൂനൂരിൽ ബിപിൻ റാവത്തും കുടുംബവും സൈനിക ഉദ്യോഗസ്ഥരും മരിച്ച സംഭവത്തിൽ മുസ്ലിംകൾ സന്തോഷം പ്രകടിപ്പിക്കുന്നുവെന്ന് ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. ദുരന്തവാർത്തയ്ക്ക് കീഴിൽ ഫേസ്ബുക്കിൽ 'ഹഹ' ഇമോജി നൽകുകയും അപകീർത്തികരമായ കമന്റുകൾ ഇടുകയും ചെയ്യുന്നുവെന്നോരാപിച്ചാണ് സംഘ് പരിവാർ ഗ്രൂപ്പുകളിലും പേജുകളിലും മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചരണമുണ്ടായത്. എന്നാൽ, മുസ്ലിം പേരിൽ സമീപകാലത്ത് നിർമിക്കപ്പെട്ട ഫേക്ക് ഐ.ഡികളുപയോഗിച്ചാണ് ഇത്തരം റിയാക്ഷനുകളും കമന്റുകളും ഇടുന്നതെന്ന് വ്യക്തമായതിനു പിന്നാലെയാണ് ശനിയാഴ്ച യുവാവ് പൊലീസിൽ പരാതി നൽകിയത്.




Tags:    

Writer - André

contributor

Editor - André

contributor

By - Kannur Bureau

contributor

Similar News