മാസപ്പടിക്കേസ്: അന്വേഷണത്തിന് പൊലീസിനെ ചുമതലപ്പെടുത്തി ആഭ്യന്തര സെക്രട്ടറി; പ്രത്യേക സംഘത്തെ ഡിജിപി ഉടൻ പ്രഖ്യാപിക്കും

അന്വേഷണത്തിന് പൊലീസിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഫയൽ ആഭ്യന്തര സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി

Update: 2026-09-23 05:50 GMT

തിരുവനന്തപുരം: മാസപ്പടിക്കേസിൽ അന്വേഷണത്തിന് പൊലീസിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഫയൽ ആഭ്യന്തരവകുപ്പ് കൈമാറി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ആഭ്യന്തര സെക്രട്ടറി ഫയൽ കൈമാറിയത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ച് ഡിജിപി ഉത്തരവിറക്കും. 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിൽ വിശദമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് നിർദേശം.

അന്വേഷണത്തിനായി എത്രപേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. പ്രാഥമിക ഘട്ടത്തിൽ നാലോ അഞ്ചോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിരിക്കും അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരിക്കും അന്വേഷണ ചുമതല. ഡിഐജി അല്ലെങ്കിൽ ഐപിഎസ് റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. സർക്കാരിന്റെ അന്വേഷണ ഉത്തരവ് ലഭിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിക്കും.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മുമ്പ് മൊഴി നൽകിയ ഉദ്യോഗസ്ഥരുടെയും മറ്റ് ആളുകളുടെയും മൊഴികൾ പ്രത്യേക അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് സംഘം കടക്കുക. 

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - Web Desk

contributor

Similar News