ചേരാനല്ലൂര്‍ വാഹനാപകടം; പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കില്ല, രണ്ട് അപ്പീലുകളും കോടതി തള്ളി

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെയും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റേയും അപ്പീലുകള്‍ തള്ളി

Update: 2026-11-05 11:02 GMT

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നല്‍കിയ അപ്പീലുകള്‍ കോടതി തള്ളി. എന്ത് അടിസ്ഥാനത്തിലാണ് പതിനേഴുകാരനെതിരെ എഫ്‌ഐആറിട്ടതെന്ന് ചോദിച്ച കോടതി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോയെന്നും ചോദിച്ചു. ജുവനൈല്‍ കേസുകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകുവെന്നും എറണാകുളം സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിക്കാട്ടിയത്. ജെ.ജെ ആക്ടിലെ വകുപ്പുകള്‍ ഉദ്യോഗസ്ഥന്‍ അറിഞ്ഞിരിക്കണമെന്നും നിങ്ങള്‍ പല കാര്യങ്ങളും സ്വയം കണ്ടെത്തുകയാണെന്നും വിമര്‍ശിച്ചു. ഈ കേസിന് മാത്രമിതെന്താണ് പ്രത്യേകത? കുട്ടിക്കെതിരെ എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്? ഒരു ദിവസം രണ്ട് തവണ ജുവനൈല്‍ ബോര്‍ഡിന് മുന്‍പില്‍ കുട്ടിയെ ഹാജരാക്കുന്നു. ഉച്ചയ്ക്ക് വീട്ടില്‍ വിട്ട് രാത്രി പിന്നെയും കൂട്ടിക്കൊണ്ടുവന്നു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കെതിരെ എന്ത് ഗുരുതര കുറ്റകൃത്യമാണുള്ളത്? ആരെങ്കിലും സമ്മര്‍ദം നല്‍കിയാലുടന്‍ മാറ്റങ്ങള്‍ വരുത്തുകയാണോയെന്നും കോടതി ചോദിച്ചു. 17കാരന്‍ ജാമ്യത്തില്‍ തുടരുമെന്നും പിഴ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

Advertising
Advertising

കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച്, അന്വേഷണത്തിന്റെ പേരിൽ ജഡ്ജിയെ കസ്റ്റഡിയിൽ എടുക്കണമെന്ന സർക്കാരിന്റെയും പൊലീസിന്റെയും നിലപാടിനെ രൂക്ഷമായി വിമർശിച്ചു.ഈ കേസില്‍ അസാധാരണമായി എന്താണ് ഉള്ളതെന്ന് ചോദിച്ച കോടതി, എല്ലാ കേസുകളിലും ഇത്തരത്തിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകുന്നുണ്ടോയെന്നും എഡിജിപി അടക്കം ഹാജരാകാൻ മാത്രം എന്താണ് ഈ കേസിന് പ്രത്യേകതയുള്ളതെന്നും കോടതി ചോദിച്ചു.

ജഡ്ജിയുടെ കസ്റ്റഡി എന്തിനാണെന്ന് ചോദിച്ച കോടതി, തെളിവ് ശേഖരിക്കാനാണ് കസ്റ്റഡിയെന്ന സർക്കാരിന്റെ വാദത്തെ തള്ളി. നിങ്ങൾക്ക് ചോദ്യം ചെയ്യുകയല്ലേ വേണ്ടത്? അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലേ? എന്ന് കോടതി ആരാഞ്ഞു. അദ്ദേഹത്തെ ആറ് മണിക്കൂറോളം നേരത്തെ തന്നെ ചോദ്യം ചെയ്തതല്ലേ? ഇനിയും ചോദ്യം ചെയ്യാം, അദ്ദേഹം സഹകരിക്കും. നിങ്ങൾക്ക് അത്രയും പോരേ? എന്നും കോടതി തിരിച്ചു ചോദിച്ചു.

സമൂഹ്യമാധ്യമങ്ങള്‍ നല്‍കുന്ന പ്രതിസന്ധിയാണോ സർക്കാരിന് പ്രശ്നമെന്നും ജില്ലാ ജഡ്ജിയെ ജയിലിലടച്ച് ചോദ്യം ചെയ്യണമെന്നാണോ പറയുന്നത്? ഈ കേസിൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അടിയന്തരമായി അനിവാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ജില്ലാ ജഡ്ജി ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണുള്ളതെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. സുഗമമായ അന്വേഷണം നടക്കണമെന്നും അതിനാൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഒക്ടോബർ 25 ഞായറാഴ്ച പുലർച്ചെ ഏകദേശം രണ്ടരയോടെയാണ് അപകടമുണ്ടായത്. അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസിന്‍റെ ഉടമസ്ഥതയിലുള്ള ബെൻസ് കാറാണ് അമിതവേഗതയിലെത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്‍റെ സ്കൂട്ടറിലിടിച്ചത്. അപകടത്തിൽ ജയബാലകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന ആക്ഷേപത്തെ തുടർന്ന് എസ്എച്ച്ഒ ഉൾപ്പെടെയുള്ള നാല് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News