'അന്ന് സംവരണം അട്ടിമറിക്കാന്‍ കൂട്ടുനിന്നവര്‍ ഇന്ന് വിസിമാര്‍ക്കെതിരെ ഘോരഘോരം സംസാരിക്കുന്നു'; ആര്‍. ബിന്ദുവിന് വിമര്‍ശനവുമായി ടി.എസ് ശ്യാംകുമാര്‍

'അധികാരത്തിലിരിക്കുമ്പോള്‍ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ദലിത് ഉദ്യോഗാര്‍ഥികളെ ഇരുട്ടത്ത് തള്ളിയിട്ടവരുടെ പ്രസ്താവനകളില്‍ സത്യസന്ധതയോ ധാര്‍മികതയുടെ അംശമോ അല്‍പം പോലുമില്ല'

Update: 2026-11-05 11:38 GMT

എല്‍ഡിഎഫ് സര്‍ക്കാരില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. ആര്‍. ബിന്ദുവിനെതിരെ വിമര്‍ശനവുമായി ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ടി.എസ് ശ്യാംകുമാര്‍. കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ആര്‍. ബിന്ദു ഫേസ്ബുക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ശ്യാംകുമാറിന്റെ വിമര്‍ശനം.

'സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ്. വിസിമാര്‍ക്ക് വേണ്ടിയല്ല. ബഹു സുപ്രിംകോടതിക്ക് നന്ദി' എന്നായിരുന്നു ആര്‍. ബിന്ദുവിന്റെ പോസ്റ്റ്. എന്നാല്‍, ആര്‍. ബിന്ദു ഉന്നതവിദ്യാഭ്യാസ മന്ത്രിയായി അധികാരത്തിലിരുന്ന സമയത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ സംവരണം അട്ടിമറിച്ച് തന്നെ ഉള്‍പ്പെടെ പുറത്താക്കിയ അന്നത്തെ ഇടതുസിന്‍ഡിക്കേറ്റിന്റെ നടപടിയെ ഹൈക്കോടതി ഉള്‍പ്പെടെ വിമര്‍ശിച്ചിട്ടും അവര്‍ ഇടപെട്ടിരുന്നില്ലെന്ന് ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി. നീതിപൂര്‍വം ഇടപെടാന്‍ ആര്‍. ബിന്ദുവിന് കഴിഞ്ഞില്ല.

Advertising
Advertising

തന്നെ നിയമിക്കാത്തതിന് കാരണമായി ആര്‍. ബിന്ദു പറഞ്ഞത് ഹിന്ദുത്വത്തിനെതിരെ നിരന്തരം സംസാരിക്കുന്നതിനാല്‍ ഗവര്‍ണറുടെ ഇടപെടലാണ് നിയമന തടസ്സമെന്നാണ്. യഥാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ സിന്‍ഡിക്കേറ്റിന് നീതിപൂര്‍വം കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സിന്‍ഡിക്കേറ്റില്‍ ഭൂരിപക്ഷവും മുന്‍തൂക്കവുമുണ്ടായിരുന്നിട്ടും 'ഇടതുപക്ഷം' നീതിപൂര്‍വം യാതൊന്നും ചെയ്തില്ല.

ഇന്ന് വിസിമാര്‍ക്കെതിരെയും ഹിന്ദുത്വത്തിനെതിരെയും ഘോരഘോരം സംസാരിക്കുന്നവര്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ സംവരണ അട്ടിമറിക്ക് കുടപിടിക്കുകയും അനുകൂല വിധി ഉണ്ടായപ്പോള്‍ അതിനെതിരെ ഇടതു സിന്‍ഡിക്കേറ്റ് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയുമാണ് ചെയ്തത്. അധികാരത്തിലിരിക്കുമ്പോള്‍ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ദലിത് ഉദ്യോഗാര്‍ഥികളെ ഇരുട്ടത്ത് തള്ളിയിട്ടവരുടെ പ്രസ്താവനകളില്‍ സത്യസന്ധതയോ ധാര്‍മികതയുടെ അംശമോ അല്‍പം പോലുമില്ലെന്ന് പറയുന്നതില്‍ ഖേദമുണ്ട് -ശ്യാംകുമാര്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ശ്യാംകുമാര്‍ ഫേസ്ബുക് പോസ്റ്റില്‍ ആര്‍. ബിന്ദു ഇതിന് മറുപടി നല്‍കി. താന്‍ പലതവണ വിസിമാരുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍മാര്‍ നിയോഗിച്ച വിസിമാരാണ് നിയമന പ്രക്രിയക്ക് നേതൃത്വം നല്‍കുന്നതെന്നുമാണ് ബിന്ദു പറഞ്ഞത്. സിന്‍ഡിക്കേറ്റിന് ഇന്റര്‍വ്യൂ ബോര്‍ഡിലൊന്നും ഒരു റോളുമില്ല. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞാല്‍ ചെവിക്കൊള്ളുന്നവരല്ല ഈ വിസിമാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ശ്യാമിന്റെ പരാതി വിസിക്ക് അയച്ചുകൊടുക്കുകയും സംവരണമുറപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഇക്കാര്യത്തില്‍ ആത്മാര്‍ഥമായാണ് ഇടപെട്ടത് -ഡോ. ആര്‍. ബിന്ദു പറഞ്ഞു.

ഡോ. ടി.എസ് ശ്യാംകുമാറിന്റെ പോസ്റ്റ്

സർവകലാശാലകൾ വിദ്യാർത്ഥികൾക്ക് വേണ്ടിയാണെന്ന ബിന്ദു ടീച്ചറിന്റെ നിലപാട് അഭിനന്ദനീയവും പ്രശംസനീയവുമാണ്. എന്നാൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായി അധികാരത്തിലിരുന്ന സമയത്ത് കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ സംവരണം അട്ടിമറിച്ച് എന്നെ ഉൾപ്പെടെ പുറത്താക്കിയ അന്നത്തെ ഇടതുസിൻഡിക്കേറ്റിന്റെ നടപടിക്കെതിരെ ബഹു. ഹൈക്കോടതി റൊട്ടേഷൻ ചാർട്ട് സംവരണ മാനദണ്ഡം പാലിച്ച് ക്രമീകരിക്കാൻ നിർദ്ദേശിച്ചിട്ടും, അക്കാര്യം അന്നത്തെ ബഹു. ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന ബിന്ദു ടീച്ചറിനെ അറിയിച്ചിട്ടും നീതിപൂർവം ഇടപെടാൻ ടീച്ചറിന് കഴിഞ്ഞില്ല. റൊട്ടേഷൻ ചാർട്ട് സംവരണ മാനദണ്ഡപ്രകാരം ക്രമീകരിക്കാനുള്ള സിംഗിൾ ബഞ്ച് വിധിക്കെതിരെ ഇടത് സിൻഡിക്കേറ്റ് ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയാണ് ചെയ്തത്. ഇതിലൊന്നും വേണ്ട പോലെ ഇടപെടാൻ അന്ന് ടീച്ചർക്ക് കഴിഞ്ഞില്ലെന്ന കാര്യം ഓർത്തു പോവുകയാണ്.
വ്യക്തിപരമായി ടീച്ചറെ വിളിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നത് സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ. അതേ സമയം എന്നെ നിയമിക്കാത്തതിന് കാരണമായി ടീച്ചർ പറഞ്ഞത് ഹിന്ദുത്വത്തിനെതിരെ നിരന്തരം സംസാരിക്കുന്നതിനാൽ ഗവർണറുടെ ഇടപെടലാണ് നിയമന തടസ്സമെന്നാണ്. യഥാർത്ഥത്തിൽ ഇക്കാര്യത്തിൽ സിൻഡിക്കേറ്റിന് നീതിപൂർവം കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സിൻഡിക്കേറ്റിൽ ഭൂരിപക്ഷവും മുൻതൂക്കവുമുണ്ടായിരുന്നിട്ടും "ഇടത്പക്ഷം" നീതിപൂർവം യാതൊന്നും ചെയ്തില്ല. സത്യത്തിൽ ഇതൊന്നും ഒരു പരാതിയായി രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്നേയില്ല. മറിച്ച് ഇന്ന് വിസി മാർക്കെതിരെയും ഹിന്ദുത്വത്തിനെതിരെയും ഘോരഘോരം സംസാരിക്കുന്നവർ അധികാരത്തിലിരുന്ന ഘട്ടത്തിൽ സംവരണ അട്ടിമറിക്ക് കുട പിടിക്കുകയും അനുകൂലവിധി ഉണ്ടായപ്പോൾ അതിനെതിരെ ഇടതു സിൻഡിക്കേറ്റ് ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയുമാണ് ചെയ്തത്. ഇന്നിപ്പോൾ ചിലർ കേരള സർവകലാശാലയിലെ താൽക്കാലിക അധ്യാപക നിയമനങ്ങളിലെ സംവരണ അട്ടിമറിക്കെതിരെ എഴുതിയത് കാണുന്നത് സന്തോഷം നൽകുന്നുണ്ട്. പക്ഷേ അധികാരത്തിലിരിക്കുമ്പോൾ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ദലിത് ഉദ്യോഗാർത്ഥികളെ ഇരുട്ടത്ത് തള്ളിയിട്ടവരുടെ പ്രസ്താവനകളിൽ സത്യസന്ധതയോ ധാർമികതയുടെ അംശമോ അല്പം പോലുമില്ലെന്ന് പറയുന്നതിൽ ഖേദമുണ്ട്.

ഡോ. ആര്‍. ബിന്ദുവിന്റെ മറുപടി

ശ്യാം പറഞ്ഞത് ശരിയല്ല. ഞാൻ പലതവണ വി സി മാരുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. ഗവർണർമാർ നിയോഗിച്ച വി സിമാർ ആണ് നിയമന പ്രക്രിയക്ക് നേതൃത്വം നൽകുന്നത്. സിൻഡിക്കേറ്റിന് ഇന്റർവ്യൂ ബോർഡിലൊന്നും ഒരു റോളുമില്ല. ഇടത് സിന്റിക്കേറ്റ് അംഗങ്ങൾ പറഞ്ഞാൽ ചെവിക്കൊള്ളുന്നവരല്ല ഈ വി സി മാർ എന്ന് ശ്യാമിനറിയാം. ഉന്നതവിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ ശ്യാമിന്റെ പരാതി വിസിക്ക് അയച്ചുകൊടുക്കുകയും സംവരണമുറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പലതവണ ഫോണിലൂടെയും വി സി യോട് നീതി ഉറപ്പാക്കണം എന്ന് പറയുകയും ചെയ്തിരുന്നു. വി സി ഇക്കാര്യത്തിൽ നിയമോപദേശം തേടുകയും ലഭിച്ച മാർഗ്ഗനിർദ്ദേശം എന്നെ അറിയിക്കുകയുമാണ് ചെയ്തത്. മന്ത്രിക്ക് നിയമന കാര്യത്തിൽ എത്ര കണ്ട് ഇടപെടാനാവും എന്ന് നിങ്ങൾക്കറിയുമെന്ന് കരുതുന്നു. ഞാൻ ഇക്കാര്യത്തിൽ ആത്മാർത്ഥമായാണ് ഇടപെട്ടിട്ടുള്ളത്. അത് നിങ്ങൾക്കറിയാം. പിന്നെയും ഇതുപോലുള്ള പോസ്റ്റുകൾ എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News