'കുട്ടിയെ കണ്ടെത്തിയതില്‍ മുഖ്യപങ്ക് മാധ്യമങ്ങളുടേത്': ഷെയ്ന്‍ നിഗം

'കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു'

Update: 2023-11-28 10:41 GMT
Advertising

കൊച്ചി: കൊല്ലം ഓയൂരിൽ നിന്നും കാണാതായ ആറ് വയസുകാരിയെ കണ്ടെത്താൻ സഹായിച്ച മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് നടൻ ഷെയ്ൻ നിഗം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ലെന്ന് ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു. ഷെയ്‌നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

'കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.

Full View

1. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.

2. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു.

സന്തോഷ വാർത്തയോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ'


ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഓയൂരിൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.പൊലീസ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊല്ലം നഗര പരിധിയിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്.

തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനവും. കണ്ടെത്തുന്ന സമയത്ത് കുഞ്ഞ് അവശനിലയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് നാട്ടുകാർ തന്നെയാണ് വെള്ളവും ബിസ്‌കറ്റും വാങ്ങി നൽകിയത്. ഉടനെ പൊലീസ് എത്തുകയും കുഞ്ഞിനെ ആദ്യം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് എ.ആർ ക്യാമ്പിലും എത്തിക്കുകകയായിരുന്നു.

സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ കളർ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. കടയിലെത്തിയ ആളുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്നാണ് കടക്കാരി അറിയിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ചത് വാടക കാർ ആണെന്നാണ് പൊലീസിന്റെ നിഗമനം.ഓയൂർ കാറ്റാടിമുക്കിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരം 4.20ഓടെയാണ് സംഭവമുണ്ടാകുന്നത്.

സഹോദരൻ ജൊനാഥനുമൊത്ത് ട്യൂഷന് പോകവേ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനെയും കാറിൽ കയറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. സംഘമെത്തിയ വെള്ള കാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിസരത്തുണ്ടെന്നാണ് കുട്ടിയുടെ മൊഴി.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News