'തെറ്റുപറ്റിയിട്ടില്ല, ഇടപെടൽ സദുദ്ദേശ്യപരമായിരുന്നു'; മെസ്സി തട്ടിപ്പുകേസിൽ വി.അബ്ദുറഹ്മാൻ്റെ മൊഴി പുറത്ത്

കേസിൽ അബ്ദുറഹ്മാനെ പ്രതി ചേർത്തേക്കുമെന്നാണ് സൂചന

Update: 2026-10-03 01:41 GMT
Editor : Athulya | By : Web Desk

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്തുവന്നു. സംഭവത്തിൽ തന്റെ ഭാഗത്തുനിന്ന് സദുദ്ദേശപരമായ ഇടപെടലുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം അന്വേഷണ സംഘത്തിന് മൊഴി നൽകി.

നാല് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് വി.അബ്ദുറഹ്മാൻ തന്റെ നിലപാട് വ്യക്തമാക്കിയത്. മെസ്സി കേരളത്തിൽ എത്തുന്നത് സംസ്ഥാനത്തിന്റെ കായിക ഭാവിക്ക് വലിയ ഗുണം ചെയ്യുമെന്ന സർക്കാരിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അർജന്റീന ടീമിനെ കൊണ്ടുവരാൻ താൻ മുന്നിട്ടിറങ്ങി ഇടപെടലുകൾ നടത്തിയത്.

Advertising
Advertising

വിദേശയാത്ര ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തെറ്റുകളും വീഴ്ചകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മൊഴിയിൽ ആവർത്തിച്ചു. അന്വേഷണ സംഘം തയ്യാറാക്കിയ വിശദമായ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മുൻ മന്ത്രിയുടെ ചോദ്യം ചെയ്യൽ.

അതേസമയം വി.അബ്ദുറഹ്മാൻ്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. കേസിൽ അദ്ദേഹത്തെ ഉടൻ പ്രതി ചേർത്തേക്കുമെന്നാണ് സൂചന. മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. മന്ത്രിയുടെ ഓഫീസിൽ നിന്ന് വഴിവിട്ട രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടെൻഡർ നടപടികൾ പാലിക്കാതെ സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കിക്കൊടുക്കാൻ മന്ത്രിയുടെ ഭാഗത്തുനിന്ന് സഹായം ലഭിച്ചതായും വിലയിരുത്തലുണ്ട്. മൊഴികളും അനുബന്ധ രേഖകളും പൂർണമായി പരിശോധിച്ച് ചോദ്യം ചെയ്യലുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ എസ്‌ഐടി അന്തിമ തീരുമാനമെടുക്കുക.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News